സ്ലോവാക്യൻ താരം സ്റ്റാനിസ്ലാവ് ലോബോട്കക്ക് പുതിയ കരാറുമായി നാപോളി. 2020ൽ സെൽറ്റ വിഗോയിൽ നിന്നും എത്തിയ ശേഷം ടീമിലെ നിർണായക താരമായി വളർന്ന മധ്യനിരക്കാരന് അഞ്ച് വർഷത്തെ കരാർ ആണ് നാപോളി പുതുതായി നൽകുന്നത്. ഇത് ഒരു വർഷത്തേക്ക് കൂടി അധികരിപ്പിക്കാനും സാധിക്കും. നേരത്തെ കരാറിന്റെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്താൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നു. പുതിയ കരാർ ഉടനെ ഒപ്പിടും എന്നാണ് സൂചനകൾ.
പ്രകടന മികവ് അനുസരിച്ചുള്ള ആഡ്-ഓണുകൾ അടക്കം വരുമാനത്തിൽ ലോബോട്കക്ക് ലഭിക്കും. ലീഗിൽ മുമ്പന്മാരായി കുതിക്കുന്ന നാപോളിക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. അടുത്തിടെ താരത്തിനെ പ്രകീർത്തിച്ച നാപോളി കോച്ച് സ്പല്ലേറ്റി ഇനയെസ്റ്റയുമായിട്ടാണ് അദ്ദേഹത്തെ താരതമ്യം ചെയ്തിരുന്നത്. ടീമിനായി ഇതുവരെ എൺപതോളം മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. സ്ലോവാക്യൻ ടീമിന്റെയും അഭിവാജ്യ ഘടകമായ താരം നാല്പത്തിയൊന്ന് മത്സരങ്ങൾ ദേശിയ ടീമിനായി ഇറങ്ങി.














