സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്ന വിജയവുമായി നാപോളി. ഇന്നലെ കരുത്തരായ ലാസിയോയെ നേരിട്ട നാപോളി വലിയ വിജയം തന്നെ നേടി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു നാപോളിയുടെ വിജയം. തുടക്കം മുതൽ നാപോളിയുടെ പൂർണ്ണ ആധിപത്യം ആണ് കാണാൻ ആയത്. ഏഴാം മിനുട്ടിൽ ഇൻസിനെയുടെ പെനാൾട്ടിയിൽ നിന്ന് ആണ് നാപോളി ഗോളടി തുടങ്ങിയത്.
12ആം മിനുട്ടിൽ പൊളിറ്റാനോ ലീഡ് ഇരട്ടിയാക്കി. 53ആം മിനുട്ടിൽ വീണ്ടും ഇൻസിനെയുടെ ഗോൾ വന്നു. 65ആം മിനുട്ടിൽ മെർടൻസ് കൂടെ ഗോൾ നേടിയതോടെ നാപോളി എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ എത്തി. 70ആം മിനുട്ടിൽ ഇമ്മൊബിലെയും 74ആം മിനുട്ടിൽ മിലിങ്കോ സാവിചും ഒരോ ഗോൾ വീതം തിരിച്ചടിച്ചപ്പോൾ ലാസിയോക്ക് ചെറിയ പ്രതീക്ഷ വന്നു. എന്നാൽ നാപോളിക്കായി സബ്ബായി എത്തിയ ഒസിമെന്റെ ഗോൾ ആ പ്രതീക്ഷയും തകർത്തു.
ഈ വിജയത്തോടെ നാപോളിക്ക് 63 പോയിന്റായി. അഞ്ചാം സ്ഥാനത്താണ് നാപോളി ഉള്ളത്. മൂന്നാമതുള്ള അറ്റലാന്റയ്ക്കും നാലാമതുള്ള യുവന്റസിനും 65 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ 6 മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. 58 പോയിന്റുമായി ലാസിയോ ആറാം സ്ഥാനത്താണ് നിൽക്കുന്നത്.