റൊണാൾഡോയ്ക്ക് പെനാൾട്ടി പിഴച്ചില്ല, യുവന്റസിന്റെ മാസ്സ് തിരിച്ചുവരവ്

- Advertisement -

ഇനിയും യുവന്റസ് ഇത്തവണ സീരി എ കിരീടം നിലനിർത്തുമോ എന്ന സംശയം വേണ്ടിവരില്ല. ഇന്ന് അത്രയും കടുപ്പമായിരുന്ന ലാസിയോ എവേ മത്സരവും യുവന്റസ് വിജയിച്ചിരിക്കുകയാണ്‌. അതും ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു കൊണ്ട്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം.

ഇന്ന് തുടക്കം മുതൽ ഡിഫൻസീവ് ബൂട്ടിലായിരുന്നു യുവന്റസ്. ലാസിയോ തങ്ങളുടെ ഹോം അഡ്വാന്റേജ് മുതലെടുത്ത് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. രണ്ടാം പകുതിയിൽ ആ പ്രകടനത്തിന്റെ ഫലമായി ഒരു ഗോൾ നേടാനും ലാസിയോക്കായി. ഒരു കോർണറിൽ നിന്ന് എമിറെ ചാൻ നേടിയ സെൽഫ് ഗോളിലൂടെ ആയിരുന്നു ലാസിയോ ലീഡ് എടുത്തത്. യുവന്റസിന്റെ അപരാജിത കുതിപ്പ് അവസാനിക്കുകയാണ് എന്നൊരു തോന്നൽ ഇതുണ്ടാക്കി.

എന്നാൽ പിന്നീട് ഒരു ചാമ്പ്യൻ പ്രകടനം തന്നെ യുവന്റസ് നടത്തി. 74ആം മിനുട്ടിൽ കാൻസെലോയിലൂടെ യുവന്റസ് സമനില നേടി. പിന്നീട് സമനിലയിൽ തൃപതരാകാതെ പൊരുതി 86ആം മിനുട്ടിൽ വിജയഗോളും നേടി. ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോ ആയിരുന്നു യുവന്റസിന്റെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ പെനാൾട്ടു നഷ്ടമാക്കിയ റൊണാൾഡോ ഇന്നൊരു പിഴവും ഇല്ലാതെയാണ് സ്കോർ ചെയ്തത്.

ഈ വിജയത്തോടെ യുവന്റസിന് 21 മത്സരങ്ങളിൽ നിന്ന് 59 പോയന്റായി. രണ്ടാമതുള്ള നാപോളിയെക്കാൾ 11 പോയന്റിന്റെ ലീഡാണ് ഇപ്പോൾ യുവന്റസിന് ഉള്ളത്.

Advertisement