സീരി എയിൽ കിരീടം നിലനിർത്താൻ വേണ്ടിയുള്ള യുവന്റസ് ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. പുതിയ സീസണിലെ ആദ്യ മത്സരത്തിൽ യുവന്റസ് ഇന്ന് സാമ്പ്ഡോറിയയെ ആകും നേരിടുക. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. മത്സരം കാണാൻ ആയിരം ആരാധകർക്ക് അവസരം നൽകും. ആൻഡ്രെ പിർലോ പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ ഔദ്യോഗിക മത്സരമാകും ഇന്നത്തേത്.
വിജയിക്കുക കിരീടം നേടുക എന്നതിനൊക്കെ അപ്പുറം യുവന്റസിനെ നല്ല ഫുട്ബോൾ കളിപ്പിക്കുക എന്നതാകും പിർലോയുടെ ലക്ഷ്യം. അവസാന സീസണിൽ സാരിക്ക് കീഴിൽ സീരി എ കിരീടം നേടിയെങ്കിലും യുവന്റസിന്റെ പ്രകടനങ്ങൾ പലപ്പോഴും ദയനീയമായിരുന്നു. പുതിയ സൈനിംഗ് ആയ ആർതുറും മക്കെന്നിയും ഒക്കെ ഇന്ന് യുവന്റസിനായി അരങ്ങേറും. എന്നാലും പല പൊസിഷനിലും ടീം ശക്തമാക്കാൻ യുവന്റസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
പരിക്കേറ്റ ഡിലിറ്റ് ഇന്ന് യുവന്റസ് നിരയിൽ ഉണ്ടാകില്ല. ഡിഫൻസിൽ ബൊണൂചിക്ക് ഒപ്പം ആരെയാകും പിർലോ ഇറക്കുക എന്നത് കണ്ടറിയണം. ഡിബാലയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയിലും തന്നെയാകും പിർലോയും അറ്റാക്കിന്റെ കാര്യത്തിൽ വിശ്വസിക്കാൻ പോകുന്നത്. ഇന്ന് രാത്രി 12.15നാണ് മത്സരം നടക്കുക.