യുവന്റസിനെതിരായ നടപടി തൽക്കാലത്തേക്ക് റദ്ദാക്കി. യുവന്റസിന് ലഭിച്ച 15-പോയിന്റിന്റെ പിഴ ഇതോടെ ഇല്ലാതായി. അവർക്ക് ആ 15 പോയിന്റ് തിരികെ കിട്ടി. സീരി എ ഇനി എന്ത് പെനാൽറ്റി നൽകും എന്ന് ഒരു പുതിയ ട്രയൽ നടത്തി തീർപ്പാക്കും. അതിന് സമയം ഏറെ എടുക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ശിക്ഷ 2023-24 സീസണിൽ ആകും ഇനി പ്രഖ്യാപിക്കാൻ സാധ്യത. ഈ സീസണിലെ യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഇതോടെ സജീവമായി.
യുവന്റസ് മൂന്നാം സ്ഥാനത്ത് എത്തി. റോമ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. മിലാൻ അഞ്ചാമതും ഇന്റർ ആറാമതും ആയി. ഇനി ലീഗിൽ 8 മത്സരങ്ങൾ ശേഷിക്കെ യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഇനി എളുപ്പമാകും.
ആൻഡ്രിയ ആഗ്നെല്ലി, മൗറിസിയോ അറിവാബെൻ, ഫെഡറിക്കോ ചെറൂബിനി, നിലവിലെ ടോട്ടൻഹാം ഹോട്‌സ്‌പർ ഡയറക്ടർ ഫാബിയോ പരാറ്റിസി എന്നിവരുൾപ്പെടെയുള്ള വ്യക്തികളുടെ വിലക്കും ഇതോടെ പിൻവലിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കൊളീജിയോ ഡി ഗരൻസിയയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ഹിയറിംഗിന് ശേഷം ആണ് ഈ വിധി.