സീരി എയിൽ യുവന്റസിന് അപ്രതീക്ഷിത തോൽവി. ഇന്ന് എവേ മത്സരത്തിൽ ലീഗിലെ കുഞ്ഞന്മാരായ ഹെലാസ് വെറോണയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന യുവന്റസിനെ അവസാന 15 മിനുട്ടിലാണ് വെറോന മറിച്ചിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ പത്താം ലീഗ് മത്സരത്തിലും ഗോൾ അടിച്ചു എങ്കിലും അത് വിജയത്തിലേക്ക് നയിച്ചില്ല.
മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് തവണ ഗോൾ പോസ്റ്റിൽ തട്ടി പന്ത് മടങ്ങിയപ്പോൾ തന്നെ യുവന്റസിന് എന്തോ അപായം മുന്നിൽ ഉണ്ടെന്ന സൂചന കിട്ടിയിരുന്നു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ. ആ ഗോൾ വിജയം നൽകും എന്ന് യുവന്റസ് കരുതിയെങ്കിലും എല്ലാം പെട്ടെന്ന് മാറി മറഞ്ഞു.
76ആം മിനുട്ടിൽ യുവന്റസിന്റെ അബദ്ധം മുതലെടുത്ത് ബൊറിനി വെറോണയ്ക്ക് സമനില നൽകി. പിന്നാലെ 86ആം മിനുട്ടിൽ ബൊണൂചിയുടെ ഹാൻഡ് ബോളിന് ഒരു പെനാൾട്ടി. ആ കിക്ക് എടുത്ത വെറ്ററൻ താരം പസിനി പന്ത് വലയിൽ എത്തിച്ചു. ചാമ്പ്യന്മാർക്ക് എതിരെ ഒരു ചരിത്ര വിജയം. തോറ്റെങ്കിലും യുവന്റസ് 54 പോയന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്. നാളെ വിജയിച്ചാൽ ഇന്റർ മിലാണ് യുവന്റസിനൊപ്പം എത്താം.