ഇല്ല, അല്ലേഗ്രി യുവന്റസിൽ നിന്നും പുറത്തേക്കില്ല

ബെൻഫിക്കയുമായുള്ള മത്സരത്തിൽ തോൽവി ഏറ്റു വാങ്ങിയതോടെ ഒൻപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരിക്കുകയാണ് യുവന്റസ്. എങ്കിലും കോച്ച് മസിമില്യാനോ അല്ലേഗ്രിയുടെ കസേര തെറിക്കില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പായിരിക്കുകയാണ്. നേരത്തെ ലീഗിലെ മോശം തുടക്കത്തിന് പിറകെ കോച്ചിനെ മാറ്റാൻ ആരാധക മുറവിളി ഉയർന്നിരുന്നെങ്കിലും അതൊക്കെ അവഗണിച്ച ടീം പ്രെസിഡന്റ് ആഗ്നെല്ലി ഒരിക്കൽ കൂടി അല്ലേഗ്രിയിലുള്ള തന്റെ വിശ്വാസം തുടരുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

2025 വരെയാണ് അല്ലേഗ്രിക്ക് നിലവിൽ യുവന്റസുമായി കരാർ ഉള്ളത്. അത് വരെ പരിശീലക സ്ഥാനത്ത് തുടർന്നേക്കും എന്ന് തന്നെയാണ് സൂചനകൾ. ടീമിന്റെ എക്കാലത്തെയും മോശം തുടക്കങ്ങളിൽ ഒന്നാണ് ഇത്തവണ സീസണിൽ ഉണ്ടായത് എങ്കിലും പല താരങ്ങളുടെയും പരിക്ക് ടീമിന്റെ താളം തെറ്റിച്ചു എന്നാണ് മാനേജ്മെന്റ് കണക്കു കൂടുന്നത്. ഒരിക്കൽ യുവന്റസിനെ അപ്രമാദിത്വത്തിലേക്ക് നയിച്ച അല്ലേഗ്രിക്ക് ഒരിക്കൽ കൂടി അതിന് സാധിക്കും എന്നാണ് അവർ കണക്ക് കൂട്ടുന്നത്. അതിന് വേണ്ടി കാത്തിരിക്കാൻ തന്നെയാണ് നിലവിൽ ടീമിന്റെ തീരുമാനം.