സ്‌ട്രൈകർമാരായ ലൗറ്റാരോ മാർടീനസും, റൊമേലു ലുക്കാകുവും ഗോളുകൾ നേടിയ മത്സരത്തിൽ ഇന്റർ മിലാന് ജയം. ജയത്തോടെ സീരി എ ഒന്നാം സ്ഥാനത്ത് എത്താനും അന്റോണിയോ കോണ്ടേയുടെ ടീമിനായി. ബ്രെഷ്യയെ 1-2 നാണ് ഇന്റർ മറികടന്നത്.
കളിയുടെ 23 ആം മിനുട്ടിലാണ് മാർടീനസിന്റെ ഗോൾ പിറന്നത്. താരത്തിന്റെ ബോക്സിന് പുറത്തുന്നിന്നുള്ള ഷോട്ട് ബ്രെഷ്യ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചു. രണ്ടാം പകുതിയിൽ 63 ആം മിനുട്ടിലാണ് ലുക്കാക്കു ഇന്ററിന് ലീഡ് രണ്ടാക്കി നൽകിയത്. ബോക്സിന് പുറത്ത് നിന്നുള്ള താരത്തിന്റെ ഇടം കാലൻ ഷോട്ട് വലയിൽ പതിച്ചു. പിന്നീട് 76 ആം മിനുട്ടിൽ സ്ക്രീനിയറിന്റെ സെൽഫ് ഗോൾ ഇന്ററിന് സമ്മർദ്ദം ആയെങ്കിലും കൂടുതൽ പരിക്ക് ഏൽക്കാതെ കളി പൂർത്തിയാക്കാൻ അവർക്കായി.
10 കളികൾ കളിച്ച ഇന്ററിന് നിലവിൽ 25 പോയിന്റ് ഉണ്ട്. 9 കളികളിൽ 23 പോയിന്റുള്ള യുവന്റസിന് അടുത്ത കളി ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരികെ എത്താനാകും.