ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനെ ഇഞ്ച്വറി ടൈമിൽ പരാജയപ്പെടുത്തി ദിവസങ്ങൾക്ക് അകം മറ്റൊരു ഇഞ്ച്വറി ടൈം വിന്നർ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് ഇറ്റാലിയൻ ലീഗിൽ നടന്ന മത്സരത്തിൽ സാമ്പ്ഡോറിയയെ ആണ് ഇന്റർ മിലാൻ 93ആം മിനുട്ടിലെ ഗോളിലൂടെ പരാജയപ്പെടുത്തിയത്. മൂന്ന് ഗോളുകൾ വാറിന്റെ തീരുമാന പ്രകാരം നിഷേധിക്കപ്പെട്ട മത്സരത്തിന് ആയിരുന്നു ഈ നാടകീയ അന്ത്യം.
കളി 0-0 എന്നിരിക്കെ അവസാന നിമിഷം ക്രൊയേഷ്യൻ താരം ബ്രോസോവിചാണ് വിജയ ഗോൾ ഇന്ററിനായി നേടിയത്. ഈ അവസാന നിമിഷങ്ങളിലെ രണ്ട് വിജയങ്ങൾ ഇന്റർ മിലാന്റെ സീസൺ തന്നെ മാറ്റിമറിക്കുമെന്ന് ഗോളിന് ശേഷം ബ്രോസോവിച് പറഞ്ഞു. ഇന്ററിന്റെ ലീഗിലെ രണ്ടാം ജയം മാത്രമാണിത്. ഇപ്പോൾ 5 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി ഏഴാം സ്ഥാനത്താണ് ലീഗിൽ ഇന്റർ ഉള്ളത്.