ഇന്റർ മിലാൻ സൂപ്പർ താരം നൈൻഗൊളന് പിഴയിട്ടു. ഒരു ലക്ഷം യൂറോയാണ് ഡിസിപ്ലിനറി ആക്ഷനായി താരത്തിന് പിഴയിട്ടിരിക്കുന്നത്. അനിശ്ചിത കാലത്തേക്ക് താരത്തെ വിലക്കിയതിന് പിന്നാലെയാണ് ഫൈനിന്റെ കാര്യവും പുറത്ത് വന്നത്. പതിവായി ട്രെയിനിങ്ങിനു വൈകിയെത്തുന്നതാണ് താരത്തിന് വിനയായത്. ലഹരി മരുന്ന് ഉപയോഗം ഇതിനു മുൻപ് തന്നെ താരത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്.
റോമയിലെ മികച്ച പ്രകടനം മിലാനിൽ ആവർത്തിക്കാൻ താരം കഷ്ടപ്പെടുന്നതിനിടയിലാണ് ഈ വാർത്ത വന്നത്. യുവന്റസിൽ നിന്നും പുതിയ സ്പോർട്ടിങ് ഡയറക്ടറായി മാറോട്ട എത്തിയതിനു പിന്നാലെയാണ് ഈ നടപടി. യുവന്റസിൽ ഇരിക്കെ കോച്ചുമായി പരസ്യമായി തർക്കിച്ചതിനു ബൊനുച്ചിയെ ശിക്ഷിച്ചിരുന്നു മാറോട്ട. നൈൻഗോളനെതിരായ നടപടിയിലൂടെ ഒരു സന്ദേശം ഇന്റർ താരങ്ങൾക്ക് നൽകാനാണ് മാറോട്ടയുടെ ശ്രമം.