സീരി എയിൽ ഇന്റർ മിലാന് ഒരിടവേളയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ടൊറീനോയെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ചിലിയൻ താരം സാഞ്ചസിന്റെയും ഇംഗ്ലീഷ് താരം ആഷ്ലി യങ്ങിന്റെയും മികവിലായിരുന്നു ഇന്ററിന്റെ വിജയം. രണ്ട് അസിസ്റ്റുമായി ഇന്നലെ തിളങ്ങാൻ സാഞ്ചസിനായി.
തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഇന്റർ മിലാന്റെ വിജയം. 17ആം മിനുട്ടിൽ ബലോട്ടി ആണ്17ആം മിനുട്ടിൽ ടൊറീനോയ്ക്ക് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച ഇന്റർ മിലാൻ പെട്ടെന്ന് തന്നെ മത്സരത്തിലേക്ക് തിരികെയെത്തി. 48ആം മിനുട്ടിൽ ആഷ്ലി യങ്ങാണ് ടീമിന് സമനില നേടിക്കൊടുത്തത്. ലൗട്ടാരോ മാർട്ടിനെസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.
51ആം മിനുട്ടിൽ അലക്സിസ് സാഞ്ചസിന്റെ പാസിൽ നിന്ന് ഗോഡിൻ ഇന്ററിനെ മുന്നിൽ എത്തിച്ചു. 61ആം മിനുട്ടിൽ മാർട്ടിനെസിലൂടെ ഇന്റർ മൂന്നാം ഗോളും നേടി. ആ ഗോൾ ഒരുക്കിയതും സാഞ്ചേസ് ആയിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാന് 32 മത്സരങ്ങളിൽ നിന്ന് 68 പോയന്റായി. ഇന്റർ ഇതോടെ രണ്ടാം സ്ഥാനത്ത് മടങ്ങിയെത്തി.