ഇന്റർ മിലാനിലെ ഇക്കാർഡിയുമായി ബന്ധപ്പെട്ട പ്രശ്നം കൂടുതൽ വഷളാകുന്നു. ഇന്നലെ ഇക്കാർഡിയുടെ കുടുംബം ആക്രമിക്കപ്പെട്ടു. ഇക്കാർഡിയുടെ ഭാര്യയും ഏജന്റുമായ വാണ്ട നാര സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇക്കാർഡിയുടെ മക്കളും കാറിൽ ഉണ്ടായിരുന്നു. താരത്തിനെതിരായ പ്രതിഷേധമാണ് കുടുംബത്തിനു മേലുള്ള ആക്രമണത്തിൽ എത്തിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആർക്കും പരിക്കില്ല.
അർജന്റീനിയൻ താരം ഇക്കാർഡിയെ ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഇന്റർ മിലാൻ മാറ്റിയിരുന്നു. അതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇക്കാർഡിയെ മാറ്റി ഗോൾ കീപ്പർ ഹാൻഡനോവിചിനെ ക്യാപ്റ്റനായി ക്ലബ് നിയമിച്ചതിൽ രോഷാകുലനായ ഇക്കാർഡി ഇന്റർ മിലാനായി കളിക്കില്ല എന്ന് തീരുമാനത്തിലും എത്തിയിരുന്നു. ഇന്നലെ യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്ക് എതിരെ ഇക്കാർഡി ഇല്ലാതെ ആയിരുന്നു ഇന്റർ കളിച്ചത്.
നാളെ നടക്കുന്ന സീരി എ മത്സരത്തിലും ഇക്കാർഡി കളിക്കിള്ള എന്ന് പരിശീലകൻ അറിയിച്ചു. പരിക്ക് കാരണമാണ് കളിക്കാത്തത് എന്ന് പറയുന്നുണ്ട് എങ്കിലും പരിക്കല്ല കാരണം എന്ന് വ്യക്തമാണ്.