സീരി എ യിൽ മോശം പ്രകടനം തുടരുകയാണ് എ സി മിലാൻ. തുടർച്ചയായ നാല് മത്സരങ്ങളിൽ ഗോളടിക്കാൻ പോലുമാകാതെ വിഷമിക്കുകയാണ് മിലാൻ. പരിശീലകൻ ഗട്ടൂസോയുടെ ജോലി തുലാസിലാണ്. ഇത്രയ്ക്ക് മോശം പ്രകടനം മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപായിരുന്നു എന്ന് പറയുമ്പോൾ മനസിലാക്കാം മിലൻറെ വീഴ്ചയുടെ ആഴം.
ഒളിമ്പ്യാക്കോസിനോട് പരാജയപ്പെട്ട് യൂറോപ്പയിൽ നിന്നും മിലാൻ പുറത്തായിരുന്നു. മിലാന്റെ മോശം ഫോമിനു പിന്നിൽ അർജന്റീനയുടെ താരം ഗോൺസാലോ ഹിഗ്വെഹിന്റെ ഗോൾ വരൾച്ചയുമുണ്ട്. തുടർച്ചയായ ഒൻപതാം മത്സരത്തിലാണ് അദ്ദേഹത്തിന് ഗോളടിക്കാൻ കഴിയാതെയിരുന്നത്. യുവന്റസിൽ നിന്നും പതിനെട്ടു മില്യൺ യൂറോ മുടക്കിയാണ് മിലാനിലേക്ക് ഹിഗ്വെയിൻ വന്നത്.
ഇറ്റലിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹിഗ്വെയിനെ ചെൽസിക്ക് കൊടുത്ത് മൊറാട്ടയെ സാൻ സൈറോയിലെത്തിക്കുന്ന സ്വാപ്പ് ഡീലിനാണ് മിലാൻ ശ്രമിക്കുന്നത്. പക്ഷേ യുവന്റസിൽ നിന്നും ഹിഗ്വെയിനെ വാങ്ങിയാൽ മാത്രമേ മിലാന് ഈ ഡീൽ ഉറപ്പിക്കാൻ കഴിയു.
എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘനം ഉണ്ടാവുമെന്ന പേടിയിലാണ് മിലാൻ. ജനുവരിയിൽ ഹിഗ്വെയിനെ സൈൻ ചെയ്യാൻ മിലാൻ 54 മില്യൺ യൂറോ മുടക്കേണ്ടി വരും. നാപോളിയിൽ മൗറിസിയോ സാരിയുടെ കീഴിലാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഹിഗ്വെയിൻ നടത്തിയത്.