യുറോപ്യൻ ഗോൾഡൻ ബൂട്ടും സീരി എ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി ലാസിയോ താരം കൈറൊ ഇമ്മൊബിലെ. ഈ സീസണിൽ 36 ഗോളുകൾ അടിച്ച് കൂട്ടിയാണ് ഈ നേട്ടം ലാസിയോ താരം സ്വന്തമാക്കുന്നത്. ഇറ്റലിയിൽ ഇത് മൂന്നാം തവണയാണ് ഇമ്മൊബിലെ ടോപ്പ് സ്കോറർ ആകുന്നതെങ്കിലും യൂറോപ്യൻ ഗോൾഡൻ ബൂട്ട് എന്ന നേട്ടം ആദ്യമായാണ് ഇമ്മൊബിലെ നേടുന്നത്.
മെസ്സിയും റോണാൾഡോയും ഇല്ലാതെ മറ്റൊരു താരം ഗോൾഡൻ ബൂട്ട് നേടുന്നതും വർഷങ്ങൾക്ക് ശേഷമാണ്. ഇറ്റലിയിലെ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന നേട്ടവും ഇമ്മൊബിലെ ഹിഗ്വെയിനൊപ്പം പങ്കിടുന്നു. നാപോളിക്കെതിരായ 1-3ന്റെ പരാജയത്തിലും ഇമ്മൊബിലെ ഈ നേട്ടം സ്വന്തമാക്കി. യൂറോപ്പിൽ 34 ഗോളുമായി ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോസ്കിയാണ് രണ്ടാമത്. 31 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതും ആർബി ലെപ്സിഗിന്റെ തീമോ വെർണർ 28 ഗോളുമായി നാലാം സ്ഥാനത്തുമാണുള്ളത്. ലയണൽ മെസ്സി ഈ സീസണിൽ 25 ഗോളുമായി അഞ്ചാം സ്ഥാനത്തും 23 ഗോളുകളുമായി ഇന്ററിന്റെ ലുകാകുവും ലെസ്റ്ററിന്റെ വാർഡിയുമാണുള്ളത്. 2006-07 സീസണിൽ ടോട്ടി നേടിയതിന് ശേഷം ഇതാദ്യമായാണ് ലാ ലീഗ താരങ്ങളില്ലാത്ത ഒരു ഗോൾഡൻ ബൂട്ട് ജേതാവ് വരുന്നത്.