ടൂറിൻ കീഴടക്കി റോമ, യുവന്റസിന്റെ അപരാജിതക്കുതിപ്പിനവസാനം

- Advertisement -

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിന് ലീഗിലെ അവസാനമത്സരത്തിൽ പരാജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസിനെ ടൂറിനിലെ അലിയൻസ് അറീനയിൽ വെച്ച് റോമ പരാജയപ്പെടുത്തിയത്‌. റോമക്ക് വേണ്ടി ഇരട്ട ഗോളുകളുമായി ഡിയാഗോ പെറോട്ടിയും ഒരു ഗോളുമായി നിക്കോള കാലിനികും സ്കോർ ചെയ്തപ്പോൾ ഓൾഡ് ലേഡിയുടെ ആശ്വാസ ഗോളടിച്ചത് ഗോൺസാലോ ഹിഗ്വെയിനാണ്. രണ്ട് വർഷത്തോളം സീരി എയിൽ ഹോം ഗ്രൗണ്ടിൽ പരാജയമറിയാതെ വിജയക്കുതിപ്പ് നടത്തിയ യുവന്റസിനെയാണ് റോമയുടെ യുവനിര കീഴടക്കിയത്. 2018 ഏപ്രിലിൽ ആയിരുന്നു ഹോമിൽ യുവന്റസ് പരാജയപ്പെട്ടത്.

സാരിയുടെ നാപോളിക്ക് മുന്നിലായിരുന്നു യുവന്റസ് കീഴടങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിന് മുന്നോടിയായി ഡിലിറ്റിനും റോണാൾഡോക്കും വിശ്രമനുവദിക്കുകയായിരുന്നു. ഇരു താരങ്ങളും ബെഞ്ചിൽ പോലുമുണ്ടായില്ല. പിയാനിച് സസ്പ്ൻഡായിരുന്നപ്പോൾ ഡിബാല, ഡഗ്ലസ് കോസ്റ്റ, ഖെദിര, സ്കിഗ്ലിയോ എന്നിവർ പരിക്കേറ്റ് പുറത്തായിരുന്നു‌. തുടർച്ചയായ ഒൻപതാം കിരീടം നേടിയ യുവന്റസ് 83 പോയന്റുമായാണ് സീസൺ അവസാനിപ്പിക്കുന്നത്‌.

Advertisement