എംപോളിയെ തകർത്ത് അറ്റലാന്റ വീണ്ടും വിജയ വഴിയിൽ

സീരി എയിൽ എംപോളിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടി അറ്റലാന്റ. എംപോളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹാൻസ് ഹാറ്റെബോറും ലൂക്മാനും നേടിയ ഗോളുകളാണ് അറ്റലാന്റയുടെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ ലീഗിലെ ആദ്യ തോൽവി ലാസിയോയോട് വഴങ്ങേണ്ടി വന്ന ഗാസ്പെരെനിക്കും സംഘത്തിനും ഇതോടെ വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തിക്കാൻ ആയി. എസി മിലാനെ മറികടന്ന് ടേബിളിൽ താൽക്കാലികമായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് ഉയരാനും അവർക്കായി.

Picsart 22 10 30 19 09 23 136

ഇരു ടീമുകളുടേയും തുടർച്ചയായ ആക്രമണങ്ങളോടെയാണ് മത്സരത്തിന്റെ ആയ നിമിഷങ്ങൾ കടന്ന് പോയത്. പതിയെ മേൽകൈ നേടിയെടുത്ത അറ്റലാന്റ മുപ്പതിരണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഹാറ്റെബോർ ആണ് ഗോൾ നേടിയത്. ഏഴു മിനിട്ടുകൾക്ക് ശേഷം എംപോളി താരം മാറ്റിയ ഡെസ്ട്രോയുടെ ഹാൻഡ്ബാളിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. എന്നാൽ കിക്കെടുത്ത കൂപ്മേയ്നേഴ്സിന് പിഴച്ചതോട് ലീഡ് ഇരട്ടിയാക്കാനുള്ള അവസരം കൈവിട്ടു.

അൻപതിനയോൻപതാം മിനിറ്റിൽ അറ്റലാന്റയുടെ വിജയം ഉറപ്പിച്ച ഗോൾ എത്തി. പസാലിച്ചിന്റെ പാസ് സ്വീകരിച്ച ലൂക്മാന്റെ ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ പതിച്ചതോട് സന്ദർശക ടീം മൂന്ന് പോയിന്റ് ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള നാപോളിയെയാണ് അറ്റലാന്റ നേരിടേണ്ടത്.