ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയുടെ വെറ്ററൻ താരം ഡാനിയേലെ ഡി റോസി ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടും. 18 വർഷം നീണ്ട റോമ കരിയറിനാണ് താരം അവസാനം കുറിക്കുന്നത്. പാർമക്കെതിരെയാണ് താരത്തിന്റെ അവസാന മത്സരം.
റോമയുടെ അക്കാദമി വഴി വളർന്ന് വന്ന റോസി 615 മത്സരങ്ങൾ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. അവർക്ക് വേണ്ടി 63 ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചു. 2001 ൽ അരങ്ങേറിയ താരം ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച മധ്യനിര താരങ്ങളുടെ നിലയിലേക് വളർന്നു. 2017 ൽ ടോട്ടി ക്ലബ്ബ് വിട്ടതോടെ ക്ലബ്ബിന്റെ സ്ഥിരം ക്യാപ്റ്റൻ സ്ഥാനവും താരത്തെ തേടിയെത്തി.
റോമക് ഒപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും താരം നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.