“ഡി റോസ്സി സ്വന്തമിഷ്ട പ്രകാരമല്ല റോമാ വിട്ടത്”

ഇറ്റാലിയൻ സൂപ്പർ താരം ഡാനിയേലെ ഡി റോസ്സി സ്വന്തമിഷ്ടപ്രകാരമല്ല റോമാ വിട്ടതെന്ന് റോമാ പരിശീലകൻ ക്‌ളൗഡിയോ റാനിയേരി. ഈ സീസണിൽ കരാർ അവസാനിക്കുന്നതിന് തുടർന്നാണ് ഡി റോസ്സി ക്ലബ്ബ് വിടുന്നതെന്നായിരുന്നു ആദ്യം ഇറ്റലിയിൽ നിന്നും വന്ന വാർത്തകൾ. എന്നാൽ പരിശീലകൻ പറയുന്നതനുസരിച്ച് വീണ്ടും റോമയിൽ തന്നെ തുടരാനായിരുന്നു ഡി റോസിയുടെ താത്പര്യം എന്നാണ്.

റോമയുടെ രാജാവ് ടോട്ടി ആയിരുന്നെങ്കിൽ അദ്ദേഹത്തിന് പകരക്കാരനായി പണ്ടേ ആരാധകർ അവരോധിച്ചത് ഡി റോസ്സിയെയായിരുന്നു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് റോമാ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ താത്പര്യപ്രകാരമാണ് റോസ്സി ക്ലബ്ബ് വിടാൻ നിർബന്ധിതനായത്. പാർമയ്‌ക്കെതിരായ മത്സരത്തിലാകും അവസാനമായി ഡി റോസ്സി റോമയ്ക്ക് വേണ്ടി ബൂട്ടുകെട്ടുക. 18 വർഷം നീണ്ട റോമ കരിയറിനാണ് ഡി റോസ്സി അവസാനം കുറിക്കുന്നത്.