റോമയുടെ സൂപ്പർ താരം ഡാനിയേലെ ഡി റോസ്സി റോമയിൽ തന്നെ കരിയർ അവസാനിപ്പിച്ചെക്കുമെന്നു സൂചനകൾ. അപ്രതീക്ഷിതമായാണ് റോമാ ലെജന്റായ ഡാനിയേലെ ഡി റോസ്സി ഈ സീസണോട് കൂടി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി വിരമിക്കുന്നതെന്ന വാർത്ത പിന്നീട് പരിശീലകൻ റാനിയേരി സ്ഥിതികരിച്ചിരുന്നു. ഇതേ തുടർന്ന് കനത്ത പ്രതിഷേധമാണ് റോമാ ആരാധകർ ഉയർത്തിയത്.
ഡി റോസ്സി മേജർ ലീഗ് സോക്കറിലേക്കോ പിഎസ്ജിയിലേക്കോ അല്ലെങ്കിൽ ബൊക്ക ജൂനിയേഴ്‌സിലേക്കോ പോകുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഡി റോസ്സി തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. റോമാ സ്റ്റാഫിനോടും സഹതാരങ്ങളോടും താൻ ബൂട്ടഴിക്കുകയാണെന്നു വികാരനിർഭരമായ പ്രസംഗത്തിൽ പറഞ്ഞെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ സുചിപ്പിക്കുന്നത്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.