ലോകത്തെ പിടിച്ചു കുലുക്കുന്ന കൊറോണ വൈറസ് ഭീക്ഷണി ഇറ്റാലിയൻ ഫുട്‌ബോളിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് മൂലം 2 പേർ മരിച്ചതിനും 60 പേർക്ക് രോഗം ബാധിച്ചത് സ്ഥിരീകരിച്ചതിനും ശേഷം ആണ് സീരി എ മത്സരങ്ങൾ മാറ്റി വക്കാൻ ഫുട്‌ബോൾ അധികൃതർ തീരുമാനിച്ചത്. മിലാനിൽ അടക്കം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കൻ ഇറ്റാലിയൻ മേഖലയിൽ നടക്കാനിരുന്ന ഇന്റർ മിലാൻ, സാന്തോറിയ മത്സരവും അറ്റലാന്റ, സുസസോള മത്സരവും വേറോണ, കാഗിലാരി മത്സരവും അടക്കം മൂന്നു മത്സരങ്ങൾ ആണ് സീരി എയിൽ മാറ്റി വച്ചത്.
അതേസമയം സീരി ബി, സീരി സി മത്സരങ്ങളിൽ പലതും മാറ്റി വച്ചിട്ടുണ്ട്. അതേസമയം ബൾഗേറിയയിൽ നിന്ന് യൂറോപ്പ ലീഗ് കളിച്ച് വരുന്ന മതിയായ വിശ്രമം ലഭിക്കാത്ത ഇന്റർ മിലാനു ഇത് അനുഗ്രഹം ആവും. നിലവിൽ യുവന്റസ്, ലാസിയോ ടീമുകൾക്ക് പിറകിൽ മൂന്നാമത് ആണ് ഇന്റർ. എന്നാൽ എന്നാണ് ഈ മാറ്റി വച്ച മത്സരങ്ങൾ നടക്കുക എന്നു ഇത് വരെ വ്യക്തമായിട്ടില്ല. ഇറ്റലിയിൽ സ്‌കൂൾ കോളേജുകൾ എല്ലാം അടച്ചു വലിയ മുന്നൊരുക്കം ആണ് കൊറോണ പകരുന്നത് തടയാൻ അധികൃതർ സ്വീകരിക്കുന്നത്.