പരിക്കേറ്റവർ മടങ്ങിവരവിന്റെ പാതയിൽ, കിയേസക്കായി പരിശീലന മത്സരം ഒരുക്കി യുവന്റസ്

20221021 005151

മസിമില്യാനോ അല്ലെഗ്രിക്ക് കീഴിൽ വളരെ മോശം തുടക്കമാണ് ഇത്തവണ യുവന്റസ് സീരി എയിൽ കുറിച്ചത്. ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്ത് തുടരുന്ന ടീമിന് മുൻനിര താരങ്ങളുടെ അഭാവം നൽകിയ തിരിച്ചടി ചെറുതല്ല. പോഗ്ബയും കിയേസയും പുറത്തായതിന് പിറകെ പകരക്കാരായി എത്തിയ താരങ്ങൾക്ക് കുറവ് നികത്താൻ കഴിയാതെ വരിക കൂടി ചെയ്തതോടെ ഇവരുടെ പ്രാധാന്യം ക്ലബ്ബ് തിരിച്ചറിയുന്നുണ്ട്. ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിച്ചിട്ടുള്ള ഫെഡറിക്കോ കിയേസക്ക് കളത്തിലേക്ക് തിരിച്ചുവരുന്നതിന് മുന്നോടിയായി ഒരു പരിശീലന മത്സരം സംഘടിപ്പിക്കുകയാണ് യുവന്റസ്. ശനിയാഴ്‌ച ആയിരിക്കും മത്സരം നടക്കുക. നേരത്തെ തുടർച്ചയായ പരിക്കുകൾ അലട്ടിയ ഇറ്റാലിയൻ താരത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മത്സരങ്ങൾ ആണ് നഷ്ടമായത്.

കിയേസ പരിശീലനം പുനരാരംഭിച്ചു എന്നും എന്നാൽ ദീർഘകാലം പുറത്തിരുന്നതിനാൽ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണ് എന്നും യുവന്റസ് കോച്ച് അല്ലേഗ്രി പറഞ്ഞു. പോൾ പോഗ്ബയും ടീമിനോടോപ്പം പരിശീലനം നടത്തുന്നുണ്ട് എങ്കിലും ചെറിയ തരത്തിലുള്ള ശാരീരിക അധ്വാനം വേണ്ടവ മാത്രമാണ് ചെയ്യുന്നത് എന്നും താരത്തിന്റെ മടങ്ങി വരവിന് കുറച്ചു കൂടി സമയം വേണ്ടി വരുമെന്നും അല്ലേഗ്രി സൂചിപ്പിച്ചു. ഇരു താരങ്ങളുടെയും കാര്യത്തിൽ യാതൊരു റിസ്‌ക്കും എടുക്കാൻ തങ്ങൾ തയ്യാറല്ല എന്നും അല്ലേഗ്രി ചൂണ്ടിക്കാണിച്ചു.