അൽ നാസർ സമർപ്പിച്ച ആദ്യ ഓഫർ തള്ളി ഇന്റർ മിലാൻ താരം ബ്രോസോവിച്ച്. താരത്തിന് വേണ്ടി ഇന്ററിന് മുന്നിൽ വെച്ച ഓഫർ ടീം അംഗീകരിച്ചതോടെയാണ് സൗദി ക്ലബ്ബ് ക്രൊയേഷ്യൻ താരവുമായി ചർച്ച ആരംഭിച്ചത്. എന്നാൽ അൽ നാസർ സമർപ്പിച്ച 20 മില്യൺ യൂറോ വാർഷിക വരുമാനം എന്ന തുക താരം തള്ളിയെന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്തു. പകരം 30 മില്യൺ യൂറോ വരുമാനം എന്ന് സാധ്യത ടീമിനോട് തിരിച്ച് ആരാഞ്ഞതായും റിപോർട്ടിൽ സൂചിപ്പിക്കുന്നു.
ഇന്ററുമായി നേരത്തെ തന്നെ ധാരണയിൽ എത്താൻ അൽ നാസറിന് സാധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ബ്രോസോവിച്ചിന്റെ സമ്മതം നേടിയെടുക്കാൻ സൗദി ക്ലബ്ബിന് സാധിക്കുന്നില്ല. നിലവിൽ താരത്തിന് വേണ്ടി ബാഴ്‌സലോണ രംഗത്തുള്ളതും ഓഫർ തള്ളാനുള്ള തീരുമാനത്തിന് കാരണമായെന്ന് ഡി മാർസിയോ റീപോർട് ചെയ്തു. എന്നാൽ ഈ വാരം തന്നെ ടീമിൽ നിന്നും ചില താരങ്ങളെ കൈമാറാൻ സാധിച്ചാൽ അല്ലാതെ ബ്രോസോവിച്ചിനെ എത്തിക്കാൻ ബാഴ്‌സലോണക്കും ബുദ്ധിമുട്ട് ആയേക്കും. എങ്കിലും സ്പാനിഷ് ക്ലബ്ബിന് വേണ്ടി കാത്തിരിക്കാൻ തന്നെയാണ് താരത്തിന്റെ നീക്കം എന്നാണ് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അതേ സമയം കൈമാറ്റ ചർച്ചകൾക്കായി ഇറ്റലിയിൽ എത്തിയ അൽ നാസർ ഭാരവാഹികൾ ബ്രോസോവിച്ചുമായി നിരന്തര സമ്പർക്കത്തിൽ ആണെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. ഉടൻ തന്നെ പുതിയ ഓഫറുമായി അൽ നാസർ വരുന്ന പക്ഷം കൈമാറ്റത്തിന് കളം ഒരുങ്ങിയേക്കും.
Download the Fanport app now!