ബരേല ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും

ഇന്റർ മിലാന്റെ യുവ മിഡ്ഫീൽഡർ നികോളോ ബരെല ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. ബരേല ക്ലബുമായി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചു വർഷത്തെ കരാർ ആകും ഇറ്റാലിയൻ താരം ഒപ്പുവെക്കുക. ബരേലയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ 2024വരെ ബരേലക്ക് ഇന്ററിൽ കരാർ ഉണ്ട്. അത് അവസാനിക്കുന്നതിനും ഏറെ മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കുന്നത് താരത്തിൽ ഇന്റർ മിലാനിൽ ഉള്ള വിശ്വാസം ആണ് കാണിക്കുന്നത്.

2019ൽ കലിയരിയിൽ നിന്നായിരുന്നു ബരേല ഇന്റർ മിലാനിൽ എത്തിയത്. താരം ഇതിനകം 90ൽ അധികം മത്സരങ്ങൾ ഇന്ററിനായി കളിച്ചിട്ടുണ്ട്. ഇന്ററിന്റെ കഴിഞ്ഞ സീരി എ വിജയത്തിലും പ്രധാന പങ്കുവഹിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ബരേല.