ചാമ്പ്യൻസ് ലീഗിലെ വിജയം അറ്റലാന്റയ്ക്ക് ഇറ്റലിയിൽ ആവർത്തിക്കാൻ ആയില്ല. സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ് അറ്റലാന്റ. കഴിഞ്ഞ കളിക്ക് നാപോളിയോട് തോറ്റ അറ്റലാന്റ ഇന്ന് സാമ്പ്ഡോറിയയോടാണ് പരാജയപ്പെട്ടത്. ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സാമ്പ്ഡോറിയയുടെ ഇന്നത്തെ വിജയം. അതും സാമ്പ്ഡോറിയ ഒരു പെനാൾട്ടി നഷ്ടമാക്കിയത് കൊണ്ടാണ് അറ്റലാന്റയുടെ പരാജയം ഭാരം കുറഞ്ഞത്.
അറ്റലാന്റയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വെറ്ററൻ സ്ട്രൈക്കർ ക്വാഗ്ലിയേരല്ല ആണ് ആദ്യം സാമ്പ്ഡോറിയക്ക് ലീഡ് നൽകിയത്. 13ആം മിനുട്ടിൽ ആയിരുന്നു ആ ഗോൾ. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടി കൂടെ സാമ്പ്ഡോറിയക്ക് ലഭിച്ചു എങ്കിലും ക്വാഗ്കിയേരലയുടെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിൽ തോർസ്ബിയും ജാങ്ക്റ്റോയും ഗോൾ നേടിയതോടെ സാമ്പ്ഡോറിയ വിജയം ഉറപ്പിച്ചു. സാമ്പ്ഡോറിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. അറ്റലാന്റയ്ക്ക് വേണ്ടി ഒരു പെനാൾട്ടിയിൽ നിന്ന് സപാറ്റയാണ് ഗോൾ നേടിയത്.
അഞ്ചു മത്സരങ്ങളിൽ നിന്ന് ഒമ്പതു പോയിന്റുമായി അറ്റലാന്റ ലീഗിൽ നാലാമതും അതേ പോയിന്റുമായി സാമ്പ്ഡോറിയ അഞ്ചാമതുമാണ് ഉള്ളത്.