എ സി മിലാൻ പരിശീലകൻ ഗട്ടൂസോ ഈ സീസണിന്റെ അവസാനം വരെ മിലാനിൽ തുടരുമെന്നുറപ്പായി. ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിച്ചിരുന്ന മിലാൻ പിന്നീട് സമനിലയും പരാജയങ്ങളും വില്ലനായപ്പോൾ പോയന്റ് നിലയിൽ പിന്നോട്ട് പോയി. റ്റോറീനോയോടേറ്റ എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം മിലാൻ പരിശീലകനായ ഗട്ടൂസോയുടെ പരാജയമായിട്ടാണ് ഇറ്റാലിയൻ മാധ്യമങ്ങൾ വിലയിരുത്തിയത്.
ആരാധകരിൽ നിന്നുവരെ ഏറെ വിമര്‍ശനങ്ങള്‍ ഉയർന്നു കഴിഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് പരസ്യമായി തന്നെ മിലാൻ മികച്ച ഫുട്ബോൾ കളിച്ചിട്ട് മാസങ്ങൾ ആയെന്ന പരാമർശവും നടത്തിയിരുന്നു. എന്നാൽ ഇനി നാല് മത്സരങ്ങൾ ബാക്കി നിൽക്കെ ഗട്ടൂസോ ക്ലബ്ബിൽ ഈ സീസൺ അവസാനം വരെ തുടരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ജയമില്ലാത്ത മിലാൻ അഞ്ചാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാലും മിലാനിൽ നിന്നും ഗട്ടൂസോ പുറത്ത് പോവേണ്ടി വരുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.