ആൽവാരോ മൊറാട ഒരിക്കൽ കൂടി ഇറ്റാലിയൻ ഫുട്ബോളിലേക്ക് മടങ്ങി എത്തിയേക്കുമെന്ന് സൂചനകൾ. താരത്തിനെ എത്തിക്കാൻ വേണ്ടി എസി മിലാൻ ശ്രമം നടത്തുന്നതായി ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. മുന്നേറ്റം ശക്തമാക്കാൻ ടീം ഉന്നം വെക്കുന്ന ഒന്നാമത്തെ താരമാണ് മൊറാട. ഏകദേശം 12 മില്യൺ യൂറോ ആണ് മിലാൻ മുന്നോട്ടു വെക്കുന്ന ഓഫർ. കൂടെ 5 മില്യൺ യൂറോ താരത്തിന് വാർഷിക വരുമാനവും മിലാൻ വാഗ്ദാനം ചെയ്യുന്നു.
കഴിഞ്ഞ മാസം മാത്രമാണ് മൊറാട അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിട്ടത്. എന്നാൽ ഇത് ഇറ്റലിയിലേക്കുള്ള മടങ്ങി വരവ് സാധ്യമാക്കാൻ ആയിരുന്നു എന്നാണ് ലാ ഗസെറ്റ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ റിലീസ് ക്ലോസ് കുറച്ച് 20മില്യൺ യൂറോയിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. ഇതാണ് മിലാൻ ഉന്നം വെക്കുന്നതും. താരത്തിന്റെ കുടുംബം ഇപ്പോഴും ഇറ്റലിയിൽ തന്നെയാണ് താമസം എന്നതും അവർ ചൂണ്ടിക്കാണിക്കുന്നു. മുന്നേറ്റത്തിൽ ജിറൂഡ്, ഒറീജി എന്നിവർ ഒഴിച്ച് നിർത്തിയാൽ മികച്ച സ്‌ട്രൈക്കർമാർ മിലാനിൽ നിലവിൽ ഇല്ല. ജിറൂഡിന് ആവട്ടെ സെപ്റ്റംബറിൽ 37 വയസ് തികയും. ലീഗിൽ മതിയായ അനുഭവ പരിചയമുള്ള സ്പാനിഷ് സ്‌ട്രൈക്കറുടെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാവും എന്ന് തന്നെയാണ് മിലാന്റെ കണക്ക് കൂട്ടൽ. പുലിസിച്ചിനെ കൂടി എത്തിച്ച് മുന്നേറ്റം മൂർച്ച കൂട്ടാനാണ് മിലാന്റെ നീക്കം. നേരത്തെ സൗദി ക്ലബ്ബ് ആയ അൽ ഇതിഫാഖ് മൊറാടക്ക് വേണ്ടി നീക്കം നടത്തുന്നതായി സൂചന ഉണ്ടായിരുന്നു. എന്നാൽ സൗദിയിലേക്ക് ചേക്കേറാൻ നിലവിൽ താരത്തിന് താൽപര്യമില്ലെന്നാണ് സൂചന.
Download the Fanport app now!