സീരി എയിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിന് ആവേശകരമായ അവസാനം. ലാസിയോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലാസിയോയും യുവന്റസുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിന്റെ വിധി തീരുമാനമായത് 95ആം മിനുട്ടിൽ കളിയുടെ അവസാന കിക്കിൽ പിറന്ന ഗോളിൽ ആയിരുന്നു. തുടക്കത്തിൽ മികച്ച രീതിയിൽ കളിച്ച യുവന്റസ് ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആണ് ലീഡ് എടുത്തത്.
15ആം മിനുട്ടിൽ കൊഡ്രാഡോയുടെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. ഈ സീസൺ സീരി എയിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം ലാസിയോ സമനിലക്കായി ശ്രമിച്ചു എങ്കിലും അവരുടെ പ്രധാന ഗോളടിക്കാരൻ ഇമ്മൊബിലെ ഇല്ലാത്തത് അവർക്ക് വിനയായി. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റ് പുറത്തായതോടെ യുവന്റസും സമ്മർദ്ദത്തിലായി. മത്സരം 95ആം മിനുട്ടിൽ നിൽക്കുമ്പോൾ ആയിരുന്നു ലാസിയോയുടെ സമനില ഗോൾ വന്നത്. കൈസെഡോ ആയിരുന്നു ആ ഗോൾ നേടിയത്.
ഈ സമനില യുവന്റസിനെ ലീഗിൽ മൂന്നാം സ്ഥാനത്ത് നിർത്തുകയാണ്. ലാസിയോ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്.