ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് ഗോളുകൾ ഒരുക്കിയ മത്സരത്തിൽ യുവന്റസിന് വിജയം. കിരീട പോരാട്ടത്തിൽ തങ്ങൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെടുന്ന നാപോളിക്ക് എതിരെ ആയിരുന്നു യുവന്റസിന്റെ ഇന്നത്തെ ജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു യുവന്റസിന്റെ തിരിച്ചുവരവും വിജയവും. രണ്ട് ഗോളുകൾ നേടി മാൻസുകിചും ഇന്ന് യുവന്റസ് ഹീറോ ആയി.
കളിയുടെ പത്താം മിനുട്ടിൽ മെർടൻസിലൂടെ ആയിരുന്നു നാപോളി മുന്നിൽ എത്തിയത്. ആദ്യം പിറകിൽ പോയ യുവന്റസ് പക്ഷെ ശക്തമായി തിരിച്ചുവന്നു. തിരിച്ചുവരവിൽ പ്രധാന പങ്കുവഹിച്ചത് റൊണാൾഡോ ആയിരുന്നു. ആദ്യം 26ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കൊടുത്ത ക്രോസിലൂടെ റൊണാൾഡോ മാൻസുകിചിനെ കണ്ടെത്തി. ബുള്ളറ്റ് ഹെഡറിലൂടെ മാൻസുകിച് പന്ത് വലയിലും എത്തിച്ചു.
രണ്ടാം പകുതിയിൽ മാൻസുകിച് യുവന്റസിനെ 2-1ന് മുന്നിൽ എത്തിച്ചു. ആ ഗോളും റൊണാൾഡോ ആയിരുന്നു ഒരുക്കിയത്. റൊണാൾഡോയുടെ ഷോട്ട് സേവ് ചെയ്ത് തിരിച്ചുവരുമ്പോൾ ഒരു ടാപിന്നിലൂടെ മാൻഡ്സുകിച് ഗോളാക്കുകയായിരുന്നു. കളിയുടെ 76ആം മിനുട്ടിൽ ബൊണൂചി നേടിയ ഗോളും അസിസ്റ്റ് ചെയ്തത് റൊണാൾഡോ ആയിരുന്നു. റൊണാൾഡോയുടെ ഹെഡറിനെ കാൽ വെച്ചായിരുന്നു ബൊണൂചി ഗോൾ നേടിയത്.
58ആം മിനുട്ടിൽ റുയി ചുവപ്പ് കണ്ടത് കൊണ്ട് 10 പേരുമായാണ് പിന്നീട് നാപോളി കളിച്ചത്. ക്രിസ്റ്റ്യാനോ ഗോൾ ഒരുക്കുന്നതിൽ മികവ് കാണിച്ചു എങ്കിലും ഗോളടിക്കുന്നതിൽ മികവ് കാട്ടിയിൽ. തനിക്ക് കിട്ടിയ രണ്ട് സുവർണ്ണാവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ഇന്ന് ക്രിസ്റ്റ്യാനോക്ക് ആയില്ല.
ഇന്നത്തെ ജയത്തോടെ യുവന്റസിന് ഏഴിൽ ഏഴു ജയമായി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള നാപോളിയുമായി 6 പോയന്റിന്റെ വ്യത്യാസവുമായി യുവന്റസിന്. നാപോളിക്ക് 15ഉം യുവന്റസിന് 21 പോയന്റുമാണ് ഉള്ളത്.