സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിലും കേരളത്തിന് വിജയം. ഇന്ന് ജമ്മു കാശ്മീരിനെ നേരിട്ട കേരളം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കാശ്മീരിന്റെ പ്രതിരോധം മറികടക്കാൻ ആദ്യം പാടുപെട്ടു എങ്കിലും രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ കേരളം വിജയം ഉറപ്പിക്കുക ആയിരുന്നു. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിജോ ഗിൽബേർട്ടിന്റെ ഒരു പാസാണ് കാശ്മീർ ഡിഫൻസിനെ പ്രതിസന്ധിയിലാക്കിയത്. പാസ് സ്വീകരിച്ച വിഗ്നേഷ് അസാധ്യമെന്ന് തോന്നിയ ഒരു ആംഗിളിൽ നിന്നും തൊടുത്ത ഷോട്ട് വലയ്ക്ക് അകത്ത് കയറി. സ്കോർ 1-0.
76ആം മിനുട്ടിൽ വിശാഖ് മോഹനൻ നൽകിയ പാസ് സ്വീകരിച്ച് റിസുവാൻ അലി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമിൽ വിക്നേഷിന്റെ അസിസ്റ്റിൽ നിന്ന് നിജോ ഗിൽബേർട്ട് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.
നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരളം 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 12 പോയിന്റ് തന്നെയുള്ള മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളവും മിസോറാമും ആണ് ഏറ്റുമുട്ടുക. കേരളം കാശ്മീരിനെ കൂടാതെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ചു.