സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ വിധി ഇനി പോണ്ടിച്ചേരിയുടെ കയ്യിലാണ്. ഇന്ന് നടന്ന കേരളത്തിന്റെ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ തെലുങ്കാന സർവീസസിനെ തോൽപ്പിച്ചത് ഗ്രൂപ്പിൽ ആരു ഫൈനൽ റൗണ്ടിൽ എത്തും എന്നത് പ്രവചനാതീതം ആക്കി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സർവീസസിനെ തെലുങ്കാന തോൽപ്പിച്ചത്. ഈ ജയത്തോടെ തെലുങ്കാനയ്ക്ക് 4 പോയന്റായി.
തെലുങ്കാന ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്. സർവീസസിന് മൂന്ന് പോയന്റും, രണ്ട് സമനില മാത്രമുള്ള കേരളത്തിന് രണ്ട് പോയന്റുമാണ്. ഗ്രൂപ്പിലെ ഏറ്റവും ദുർബലരായ പോണ്ടിച്ചേരിയുമായാണ് തെലുങ്കാനയുടെ അടുത്ത മത്സരം. അതു വിജയിച്ചാൽ തെലുങ്കാന ഫൈനൽ റൗണ്ടിൽ എത്തും. ആ മത്സരം സമനിലയിൽ ആവുകയാണെങ്കിൽ സർവീസസിനെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാൽ കേരളം ആകും ഫൈനൽ റൗണ്ടിൽ എത്തുക.
തെലുങ്കാനയെ പോണ്ടിച്ചേരി പരാജയപ്പെടുത്തുക ആണെങ്കിൽ സർവീസസിനെ ഏതു സ്കോറിൽ തോല്പ്പിച്ചാലും കേരളത്തിൽ ഫൈനൽ റൗണ്ടിലേക്ക് കടക്കാം. എന്നാൽ ഇപ്പോഴത്തെ ഫോം കണക്കിൽ എടുത്താൽ കേരളം സർവീസസിനെ തോൽപ്പിക്കാനോ, തെലുങ്കാന പോണ്ടിച്ചേരിയോട് തോൽക്കാനോ സാധ്യത കാണുന്നില്ല.
ഫൈനൽ റൗണ്ട് കാണാതെ ചാമ്പ്യന്മാർ മടങ്ങുന്ന ദയനീയ കാഴ്ച കേരള ഫുട്ബോൾ പ്രേമികൾ കാണേണ്ടു വന്നേക്കാം.