സന്തോഷ് ട്രോഫി; പയ്യാനാട് സ്റ്റേഡിയത്തിലെ ജോലികള്‍ അതിവേഗം മുന്നോട്ട്

Img 20220120 Wa0004
ജോലികള്‍ പുരോഗമിക്കുന്ന മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയം

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിന്റെ മുഖ്യവേദിയായ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലെ ജോലികള്‍ അതിവേഗം മുന്നോട്ട്. ഗ്രൗണ്ടിലെ പുല്ലുകളുടെ പരിപാലനമാണ് നിലവില്‍ നടക്കുന്നത്. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫീഷലുകള്‍ക്കുമുള്ള റൂമുകളുടെ പെയ്ന്റിങ്, വി.ഐ.പി. പവലിയനില്‍ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നേരത്തെ ഉണ്ടായിരുന്ന പവലിയന്റെ സ്ഥലത്ത് കോണ്‍ഗ്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി. പവലിയന്‍ ഒരുക്കിയത്. ഇവിടെ 1000 കസേരകള്‍ സ്ഥാപിക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ജോലിക്കാര്‍ തന്നെയാണ് പയ്യനാട് സ്റ്റേഡിയത്തിന്റെയും അറ്റകുറ്റപണികളും പരിപാലനം പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കൂടാതെ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുന്നത്‌വരെയുള്‌ള ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടക്കും.

Img 20220120 Wa0003
ജോലികള്‍ പുരോഗമിക്കുന്ന മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്‌റ്റേഡിയം

ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍, ഇലക്ട്രികല്‍ ജോലികള്‍, ഗ്യാലറി പെന്റിങ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു കഴിഞ്ഞു. കോട്ടപ്പടി സ്റ്റേഡിയത്തിലെ ഫെന്‍സിങ് പിന്നിലേക്ക് മാറ്റുന്നമുറയ്ക്ക് പയ്യനാട് സ്റ്റേഡിയത്തിലെ ഫെന്‍സിങിന്റെ ജോലിയും പൂര്‍ത്തിയാകും.

നിലവിലുള്ള ഫ്‌ളഡ് ലൈറ്റുകള്‍ക്ക് പുറമെ 80 ലക്ഷം ചിലവിട്ട് 2000 ലക്‌സാക്കി വര്‍ദ്ധിപ്പിക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. 4 ടവളുകളിലായി ഏകദേശം 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് വെച്ച് നടന്ന 35 ാമത് ഫെഡറേഷന്‍ കപ്പ് താല്‍കാലിക ഫളഡ്‌ലൈറ്റിലായിരുന്നു നടന്നത്. 2020 ല്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക ഫണ്ടില്‍ സ്റ്റേഡിയത്തില്‍ സ്ഥിര ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം ചിലവിട്ട് ട്രാന്‍സ്‌ഫോമറും സ്ഥാപിച്ചിട്ടുണ്ട്.

Img 20220120 Wa0002
ഗ്രൗണ്ടിലെ പുല്ലുകള്‍ക്കിടയിലെ കളകള്‍ പറിക്കുന്ന ജോലിക്കാര്

കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ മത്സരങ്ങളും സെമി, ഫൈനല്‍ മത്സരങ്ങളുമായിരിക്കും പയ്യനാട് നടക്കുക. സ്റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സൗകര്യമുള്ളതിനാല്‍ മത്സരങ്ങള്‍ ഫ്‌ളഡ് ലൈറ്റില്‍ നടത്തുന്ന കാര്യവും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിഗണനയിലുണ്ട്.

Previous articleബെത്ത് മൂണിയ്ക്ക് പകരം ഗ്രേസ് ഹാരിസ് ഓസ്ട്രേലിയന്‍ ടീമിൽ
Next articleവനിത ആഷസിലും ഇംഗ്ലണ്ടിന്റെ സ്ഥിതിയിൽ മാറ്റമില്ല, 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ