മഴനിറഞ്ഞാടിയ രണ്ട് പകുതിയില്‍ അവസാന നിമിഷം ഗോളടി മേളം. സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജാത്തിനെ തകര്‍ത്ത് ഒഡീഷ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗുജറാത്തിനെതിരെ ഒഡീഷയുടെ ജയം. രണ്ടാം പകുതിയുടെ അവസാന പത്ത് മിനുട്ടിലാണ് മൂന്ന് ഗോളുകള്‍ വീണത്. ഒഡീഷക്കായി ചന്ദ്രമുദുലി ഇരട്ടഗോള്‍ നേടി. റയ്സണ്‍ ടുഡുവിന്റെ വകയാണ് ഒരു ഗോള്‍.
ആദ്യ പകുതി
ഇരുടീമിന്റെയും ആദ്യ ഇലവനില്‍ ഓരോ മാറ്റങ്ങളുമായി ഇറങ്ങിയത്. ആദ്യ പകുതിയില്‍ ഒഡീഷയുടെ മുന്നേറ്റമാണ് കണ്ടത്. 9 ാം മിനുട്ടില്‍ ഒഡീഷ്യക്ക് അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം പ്രതിരോധ താരം അഭിഷേക് രാവത് നഷ്ടപ്പെടുത്തി. 14 ാം മിനുട്ടില്‍ അടുത്ത അവസരം വലതു വിങ്ങില്‍ നിന്ന് പിന്റു സമല്‍ നല്‍കിയ ക്രോസ് കാര്‍ത്തിക് ഹന്‍തല്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും ഒഡീഷ്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇടവേളയില്‍ ഒഡീഷ്യന്‍ ഗോള്‍മുഖത്തേക്ക് ഗുജറാത്ത് ഒറ്റപെട്ട ചില ആക്രമണങ്ങള്‍ ഒന്നും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 37 ാം മിനുട്ടില്‍ ഒഡീഷ്യ ലീഡെടുത്തു. അര്‍പന്‍ ലാക്ര എടുത്ത കോര്‍ണര്‍ ഗുജറാത്ത് പ്രതിരോധ താരങ്ങളും ഗോള്‍കീപ്പര്‍ അജ്മലും തട്ടിഅകറ്റാന്‍ ശ്രമിക്കവേ ലഭിച്ച അവസരം ബോക്സില്‍ നിലയുറപ്പിച്ചിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. ഉയര്‍ന്നു വന്ന പന്ത് ഒരു ഉഗ്രന്‍ ഹാഫ് വോളിയിലൂടെയായിരുന്നു ഗോള്‍.
രണ്ടാം പകുതി
വിരസമായ രണ്ടാം പകുതിയില്‍ ഇടവേളയില്‍ ഇരുടീമുകള്‍ക്കും ഓരോ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 78 ാം മിനുട്ടില്‍ ഗുജറാത്ത് കിടിലന്‍ ഗോളിലൂടെ സമനില പിടിച്ചു. ഒഡീഷ പ്രതിരോധ താരം പ്രബിന്‍ ടിഗ്ഗ ക്ലിയര്‍ ചെയ്ത ബോള്‍ മുഹമദ്മറൂഫ് മൊല്ലക്ക് ലഭിച്ചു. ഉയര്‍ന്നു വന്ന പന്ത് മുഹമദ്മറൂഫ് മൊല്ല ചെസ്റ്റ് കൊണ്ട് ടാപ് ചെയ്ത് പ്രഭല്‍ദീപിന് നല്‍കി. കിട്ടിയ പന്ത് ചെസ്റ്റില്‍ ഇറക്കി ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് ഉഗ്രന്‍ ഗോള്‍. 87 ാം മിനുട്ടില്‍ ഒഡീഷ ലീഡെടുത്തു പിടിച്ചു. മധ്യനിരയില്‍ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ ഉയര്‍ത്തി നല്‍ക്കിയ പാസ് ഓടിയെടുത്ത അര്‍പന്‍ ലാക്ര ഗോള്‍ കീപ്പറുടെയും പ്രതിരോധ താരങ്ങളുടെയും മുകളിലൂടെ ഉയര്‍ത്തി നല്‍കി. പോസ്റ്റിന് മുമ്പിന്‍ നിന്നിരുന്ന ചന്ദ്രമുദുലി ഗോളാക്കി മാറ്റി. 89 ാം മിനുട്ടില്‍ ഒഡീഷ ലീഡ് ഉയര്‍ത്തി. ഗോള്‍ കീപ്പര്‍ അഭിഷേക് എടുത്ത കിക്ക് ഗുജറാത്തിന്റെ പ്രതിരോധ നിരയിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ പകരക്കാരനായി ഇറങ്ങിയ റയ്സണ്‍ ടുഡുവിന് ലഭിച്ചു. ബോളുമായി മുന്നേറിയ ടുഡു ഗോളാക്കി മാറ്റി. 90 ാം മിനുട്ടില്‍ ഗുജറാത്ത് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കിനിടെ ജയ്കനാനിയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി. ജയ്കനാനി തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.