ആറാടി കേരളം!!! തമിഴ്നാടിനെ തകർത്ത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

- Advertisement -

കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചു. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനെ തകർത്തു കൊണ്ടാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം.

തുടക്കം മുതൽ ബിനോ ജോർജ്ജ് കോച്ചിന്റെ ആക്രമണ ശൈലി ഫുട്ബോൾ ആണ് കോഴിക്കോട് ഇന്ന് കാണാൻ ആയത്. ആദ്യ പകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ വിഷ്ണു ആണ് കേരളത്തെ ആദ്യം മുന്നിൽ എത്തിച്ചത്. പിന്നാലെ മുൻ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം ജിതിൻ എം എസിന്റെ പ്രകടനമാണ് കണ്ടത്. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ ജിതിൻ തമിഴ്നാടിന്റെ വലയിൽ കയറ്റി. ജിതിൻ നേടിയ രണ്ടാം ഗോൾ മത്സരം കാണാൻ എത്തിയ ആരാധകരെ ത്രസിപ്പിച്ചു. തമിഴ്നാട് ഡിഫൻസിനിടയിലൂടെ പന്തുകൊണ്ട് ചിത്രം വരച്ചായിരുന്നു ജിതിൻ ആ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ മൗസഫിലൂടെ ആണ് കേരളം നാലാം ഗോൾ നേടിയത്. പിന്നീട് അവസാന മിനുട്ടുകളിൽ ജിജോയും എമിൽ ബെന്നിയും കേരളത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി‌.

ആദ്യ മത്സരത്തിൽ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തോൽപ്പിച്ചിരുന്ന കേരളം ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷം ഫൈനൽ റൗണ്ടിൽ പോലും എത്താതെ പുറത്തായ കേരളത്തിന് ഇതോടെ വീണ്ടും കിരീട പ്രതീക്ഷ വന്നിരിക്കുകയാണ്.

Advertisement