സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഇന്ന് (29-04-2022) വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പ്ത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ചുകളിക്കലാണ് മണിപ്പൂരിന്റെ ശൈലി. ആദ്യ പകുതിയില്‍ ഗോള്‍ നേടിയാല്‍ ടീമിന്റെ ശക്തി ഇരട്ടിയാകും. എന്നാല്‍ ആദ്യ പകുതിയില്‍ മണിപ്പൂര്‍ ഗോള്‍വഴങ്ങിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. അതാണ് ടീമിന്റെ വീക്‌നസ്. അറ്റാകിംങ് തന്നെയാണ് വെസ്റ്റ് ബംഗാളിന്റെയും ശക്തി. വിങ്ങുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അറ്റാക്കിങ് പല മത്സരത്തിലും വിജയം കണ്ടും. പ്രതിരോധത്തിലെ പിഴവുകള്‍ വെസ്റ്റ് ബംഗാളിന് വിനയാകാറുണ്ട്.