സന്തോഷ് ട്രോഫി കിരീടം നേടിയ റാഷിദിന് വീട് ഉറപ്പ് നൽകി എം എൽ എ

കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീടത്തിൽ പ്രധാന പങ്കുവഹിച്ച റാഷിദിന് വീട് ഉറപ്പ് നൽകി എം എൽ എ ടി സിദ്ദീഖ്. ഇന്ന് റാഷിദിന്റെ വീട് സന്ദർശിച്ച ശേഷം ഫെയ്സ്ബുക്കിൽ ആണ് സിദ്ദിഖ് റാഷിദിന് വീടും സ്ഥലവും നൽകും എന്ന് പറഞ്ഞത്. മുൻ ഗോകുലം കേരളയുടെ താരമായ റാഷിദ് സന്തോഷ് ട്രോഫി ടീമിലെ സ്ഥിരാംഗമായിരുന്നു. കേരളത്തിന്റെ മധ്യനിരയിൽ ഗംഭീര പ്രകടനം തന്നെ നടത്തിയ താരമാണ് റാഷിദ്.


ടി സിദ്ദീഖിന്റെ ഫേസ് ബുക്ക് പോസ്റ്റ്;

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത്‌ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്.

ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ്‌ നേരെ പോയത്‌ കളി കഴിഞ്ഞ്‌ പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്‌‌. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക്‌ ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

താരങ്ങൾക്ക്‌ കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.

#SanthoshTrophy2022 #kalpetta #wayanad #Football #teamkerala