സാഫ് കപ്പിൽ ഇന്ത്യൻ യുവനിര ബംഗ്ലാദേശിനോട് പരാജയപ്പെട്ടു

അണ്ടർ 20 സാഫ് കപ്പിൽ ഇന്ത്യക്ക് പരാജയം. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ആണ് ഇന്ത്യ പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബംഗ്ലാദേശ് ഇന്ന് വിജയിച്ചത്. ഭുവനേശ്വരിൽ നടന്ന മത്സരത്തിൽ 29ആം മിനുട്ടിൽ മുഹമ്മദ് നോവ ആണ് ബംഗാദേശിന് ലീഡ് നൽകിയത്. ഇതിന് ഇന്ത്യ 35ആം മിനുട്ടിൽ മറുപടി നൽകി. ഹിമാൻഷു ജാൻഗ്ര ആണ് ഇന്ത്യക്ക് സമനില നൽകിയത്.

ഇതിനു പിന്നാലെ ആദ്യ പകുതിയുടെ അവസാനം മുഹമ്മദ് നോവ തന്നെ വീണ്ട ഗോൾ നേടി ബംഗ്ലാദേശിന് ലീഡ് തിരികെ നൽകി. ആ ഗോളിന് മറുപടി നൽകാൻ ഇന്ത്യക്ക് ആയില്ല. ബംഗ്ലാദേശിന്റെ ടൂർണമെന്റിലെ രണ്ടാം വിജയമായിരുന്നു ഇത്. അവർ ആദ്യ മത്സരത്തിൽ ശ്രീലങ്കയെയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യ ഇനി അടുത്ത മത്സരത്തിൽ ജൂലൈ 29ന് ശ്രീലങ്കയെ നേരിടും.