ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ ഈ മാസത്തോടെ ജയിൽ മോചിതനായി ബ്രസീലിലേക്ക് മടങ്ങും. ഓഗസ്റ്റ് 24ന് വരുന്ന അവസാന വിധി റൊണാൾഡീനോയ്ക്ക് അനുകൂലമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പരാഗ്വേയിൽ വീട്ടുതടങ്കലിൽ കഴിയുകയാണ് റൊണാൾഡീനോ. താരത്തിന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു എങ്കിലും പരാഗ്വേ വിട്ട് പോകാൻ അനുവാദം കിട്ടിയിരുന്നില്ല.
റൊണാൾഡീനോ 90000 ഡോളർ പിഴ അടക്കാൻ തയ്യാറായിട്ടുണ്ട്. ബ്രസീലിൽ എത്തിയാൽ മൂന്ന് മാസം കൂടുമ്പോൾ കോടതിക്ക് മുന്നിൽ ഹാജരാകാനും പരാഗ്വേ കോടതി ആവശ്യപ്പെടും. 1.3മില്യൺ കെട്ടിവെച്ചാണ് ഇപ്പോൾ റൊണാൾഡീനോ ജാമ്യത്തിൽ നിൽക്കുന്നത്. ഇപ്പോൾ പരാഗ്വേയിൽ ഒരു ഹോട്ടലിൽ ആണ് താരം വീട്ടു തടങ്കലിൽ കഴിയുന്നത്.
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ആയിരുന്നു റൊണാൾഡീനോയെയും സഹോദരനെയും മാർച്ച് മാസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതായിരുന്നു പ്രശ്നമായത്.