റോബർട്ട് പേജ് തന്നെ വെയ്ൽസിനെ മുന്നോട്ട് നയിക്കും, പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു

വെയ്ൽസ് ദേശിയ ടീം പരിശീലകൻ റോബർട്ട് പേജ് പുതിയ കരാർ ഒപ്പുവെച്ചു. അടുത്ത കാലത്ത് ടീമിന്റെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ച തങ്ങളുടെ മുൻ ദേശിയ താരം കൂടിയായ പെയ്ജിന് കരാർ പുതുക്കി നൽകുന്നതിന് വെയ്ൽസിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ നിലവിലെ കരാർ ഈ ലോകകപ്പോടെ അവസാനിക്കാൻ ഇരിക്കുകയിരുന്നു. പുതിയ കരാർ പ്രകാരം 2026 ലോകകപ്പ് വരെ അദ്ദേഹം തൽസ്ഥാനത്തു തുടരും.

റോബർട്ട് പേജ്

2020ലാണ് റയാൻ ഗിഗ്‌സിൽ നിന്നും പെയ്ജ് വെയിൽസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന് കീഴിൽ ടീം തങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. 1958ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടി. നാഷൻസ് ലീഗിലും ടീം മികച്ച പ്രകടനം പുറത്തെടുത്തു. ദേശിയ ടീമിനെ പരിശീലിപ്പിക്കുന്നത് അഭിമാനമാണെന്ന് അദ്ദേഹം കരാർ ഒപ്പിട്ടുക്കൊണ്ട് പ്രതികരിച്ചു. അറുപതിനാല് വർഷത്തിന് ശേഷമുള്ള ടീമിന്റെ ആദ്യ ലോകകപ്പിനും തുടർന്നും ഉള്ള വെല്ലുവിളികൾക്ക് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.