എവർട്ടൺ സ്ട്രൈക്കർ റിച്ചാർലിസന് ബ്രസീലിന് ഒപ്പം ഒളിമ്പിക്സ് കളിക്കാൻ ആകും. താരത്തിന് ഒളിമ്പിക്സ് കളിക്കാനുള്ള അനുമതി ക്ലബ് കൊടുത്തു. ഫിഫയുടെ ടൂർണമെന്റ് അല്ലാത്തതിനാൽ തന്നെ താരങ്ങളെ ക്ലബുകൾക്ക് വിട്ടുകൊടുക്കണം എന്ന് നിർബന്ധമില്ല. നേരത്തെ ഈജിപ്തിന്റെ സലയെ വിട്ടു കൊടുക്കാനുള്ള ആവശ്യം ലിവർപൂൾ തള്ളിയിരുന്നു. എന്നാൽ പ്രധാന താരമായിട്ടും എവർട്ടൺ റിച്ചാർലിസനെ തടഞ്ഞില്ല.
ഓഗസ്റ്റ് 7വരെയാണ് ഒളിമ്പിക്സിലെ ഫുട്ബോൾ നീണ്ടു നിക്കുന്നത്. അത് കഴിഞ്ഞു വന്ന് വിശ്രമം ഒക്കെ കഴിയുമ്പോഴേക്ക് താരത്തിന് ഒരു മാസത്തെ ക്ലബ് മത്സരം എങ്കിലും നഷ്ടമാകും. ഇപ്പോൾ റിച്ചാർലിസൻ ബ്രസീലിനൊപ്പം കോപ അമേരിക്ക കളിക്കുകയാണ്. എവർട്ടണായി 119 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 42 ഗോളുകൾ നേടിയിട്ടുണ്ട്.
എവർട്ടൺ അവരുടെ പ്രീസീസൺ ഇന്ന് ആരംഭിച്ചു. കോപ അമേരിക്കയിലും യൂറോ കപ്പിലും ഉള്ള താരങ്ങൾ ഇല്ലാതെയാണ് പ്രീസീസൺ ആരംഭിച്ചത്. പുതിയ പരിശീലകൻ റാഫ ബെനിറ്റസ് ആകും ഈ സീസണിൽ എവർട്ടണെ നയിക്കുക.