ഇന്ത്യൻ ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്ലയെർസിൽ ഒരാളായി വിലയിരുത്തുന്ന രാമൻ വിജയൻ ഇനി ഗോകുലം കേരള എഫ് സി വുമൺസ് ടീം മുഖ്യ പരിശീലകൻ. തമിഴ് നാട് സ്വദേശിയയായ രാമൻ വിജയൻ പലപ്പോഴും സമ്മർദ്ദ ഘട്ടത്തിലെ ഗോളടി മികവുകൊണ്ട് ഇന്ത്യൻ ഫുട്ബോളിലെ ഗോൾഡൻ ബോയ് എന്നാണ് അറിയപ്പെട്ടിരുന്നത്. 25 വർഷത്തെ ഫുട്ബോൾ കരിയറിൽ 30 തവണ രാജ്യത്തിനായി അദ്ദേഹം ബൂട്ടുകെട്ടി. 350 + ക്ലബ് മാച്ചുകളിൽ നിന്ന് 200 + ഗോളുകളും നേടിയിട്ടുണ്ട്.
എ എഫ് സി എ പ്രൊ ലൈസൻസുള്ള രാമൻ വിജയൻ ഡൽഹി ഡയനാമോസ്, ചെന്നൈയിൻ എഫ് സി എന്നീ ഐ എസ് എൽ ടീമുകളുടെയും കോച്ച്ആയും പ്രവർത്തിച്ചിട്ടുണ്ട്. രാമൻ വിജയൻ സോക്കർ സ്കൂൾ, നോബിൾ ഫൌണ്ടേഷൻ എന്നിങ്ങനെയുള്ള ഫുട്ബോൾ ഗ്രാസ് റൂട് ലെവൽ പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ച് നടത്തി വരികയായിരുന്നു. സ്റ്റാർ സ്പോർട്സ് ഉൾപ്പെടെയുള്ള നിരവധി ചാനലുകളിലും മാച്ച് കമന്റേറ്ററായും അനലൈസിസ്റ് ആയിട്ടുമാണ് കളിപ്രേമികൾ അദ്ദേഹത്തെ പിന്നീട് കണ്ടിട്ടുള്ളത്.
“ഞങ്ങളുടെ വനിതാ ടീമിനെ നയിക്കാൻ രാമൻ വിജയനെ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ പരിചയസമ്പത്തും, ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാടും, പ്ലയേഴ്‌സിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയും കൂടുതൽ വിജയങ്ങൾ ലക്ഷ്യമിടുന്ന ഞങ്ങളുടെ ടീമിന് നിർണയമാണ്” ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വിസി പ്രവീൺ പറഞ്ഞു.