മിലാൻ: കാലിനേറ്റ പരിക്ക് കാരണം സൂപ്പർ താരം റഫായേൽ ലിയോയ്ക്ക് സീരി എയിൽ ക്രെമോനെസിനെതിരായ ആദ്യ മത്സരം നഷ്ടമാകും. കോപ്പ ഇറ്റാലിയയിൽ ബാരിക്കെതിരെ 2-0ന് വിജയിച്ച മത്സരത്തിനിടെയാണ് ലിയോയ്ക്ക് പരിക്കേറ്റത്. മത്സരത്തിലെ ആദ്യ ഗോൾ നേടിയ ലിയോയെ പരിക്കിനെ തുടർന്ന് പിന്നീട് കളിക്കളത്തിൽ നിന്ന് പിൻവലിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ലെന്നും, താരത്തെ ദിവസവും നിരീക്ഷിക്കുമെന്നും എസി മിലാൻ അറിയിച്ചു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മിലാന് ഈ പരിക്ക് തിരിച്ചടിയാണ്. ലിയോയുടെ അഭാവത്തിൽ ക്രിസ്റ്റ്യൻ പുലിസിക്, സാമുവൽ ചുക്വെസെ തുടങ്ങിയ താരങ്ങളെയായിരിക്കും മിലാൻ മുന്നേറ്റനിരയിൽ ആശ്രയിക്കുക. സീരി എയിലെ അടുത്ത മത്സരത്തിൽ ലെച്ചെക്കെതിരെ ലിയോ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ്.