ബാഴ്സലോണയിൽ നിന്നും റഷ്യയിൽ എത്തിയ മാൽകോമിന് വംശീയാധിക്ഷേപം. ആദ്യ മത്സരത്തിൽ തന്നെയാണ് സെനിത്തിൽ എത്തിയ മാൽകമിന് ഈ ദുരവസ്ഥ ഏറ്റുവാങ്ങേണ്ടി വന്നത്. 45 മില്യൺ യൂറോ നൽകിയാണ് റഷ്യൻ ക്ലബ്ബ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കിയത്. ബാഴ്സയിൽ എത്തി കേവലം ഒരു സീസണിന് ശേഷമാണ് താരം ക്യാമ്പ് ന്യൂ വിടുന്നത്.
കറുത്ത വർഗ്ഗക്കാരനായ താരങ്ങൾ ടീമിൽ വേണ്ടെന്ന് സെനിത് എഫ്സിയുടെ ആരാധകർ മാനിഫെസ്റ്റൊ വിതരണം നടത്തി. ” ഞങ്ങൾ വംശീയവെറിയന്മാരല്ല, പക്ഷേ കറുത്ത വർഗ്ഗക്കാരായ താരങ്ങൾ ഇല്ലാത്ത സെനിത്തിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണം” എന്നതായിരുന്നു മാനിഫെസ്റ്റോയുടെ ഉള്ളടക്കം. ഇതാദ്യമായല്ല റഷ്യൻ ഫുട്ബോൾ ആരാധകർ വംശീയാധിക്ഷേപം നടത്തുന്നത്. യൂറോപ ലീഗിൽ ഡൈനാമോ കീവിനെതിരെ കളിക്കാനെത്തിയ ചെൽസി താരം ഹഡ്സൺ – ഒഡോയിക്കെ നേരെയും വംശീയാധിക്ഷേപം ഉണ്ടായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ വംശീയാധിക്ഷേപമുയർത്തുന്ന ആരാധകരുടെ ചാന്റുകൾക്ക് റഷ്യൻ ദേശീയ ടീമിന് പിഴ വിധിച്ചിരുന്നു.