ഗോളടിച്ച് ഇകാർഡിയും എമ്പപ്പെയും, ലില്ലെയെ മുട്ടുകുത്തിച്ച് പി.എസ്.ജി

Staff Reporter

ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ലില്ലെയെ ഫ്രഞ്ച് കപ്പിൽ മുട്ടുകുത്തിച്ച് വമ്പന്മാരായ പി.എസ്.ജി. ലില്ലെക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജയിച്ചാണ് പി.എസ്.ജി ഫ്രഞ്ച് കപ്പിന്റെ ക്വാർട്ടർ ഉറപ്പിച്ചത്. ലില്ലെ പ്രതിരോധം വരുത്തിയ പിഴവുകളാണ് മത്സരത്തിൽ പി.എസ്.ജിക്ക് തുണയായത്. ലില്ലെ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ഇകാർഡിയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. തുടർന്ന് പരിക്കേറ്റ ഇകാർഡി മത്സരത്തിന്റെ 36ആം മിനുട്ടിൽ കളം വിടുകയും ചെയ്തു.

പകരക്കാരുടെ ബെഞ്ചിൽ നിന്ന് മത്സരം തുടങ്ങിയ എമ്പപ്പെയാണ് ഇകാർഡിക്ക് പകരം ഇറങ്ങിയത്. തുടർന്ന് അധികം വൈകാതെ എമ്പപ്പെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എമ്പപ്പെ തന്നെ ഗോളാക്കികൊണ്ട് പി.എസ്.ജിയുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ മത്സരം തീരാൻ 13 മിനിറ്റ് ബാക്കി നിൽക്കെ മത്സരത്തിലേക്ക് തിരിച്ചുവരാൻ പെനാൽറ്റിയിലൂടെ ലില്ലെക്ക് അവസരം ലഭിച്ചെങ്കിലും യുസഫ് യാസികിയുടെ പെനാൽറ്റി പി.എസ്.ജി ഗോൾകീപ്പർ കെയ്‌ലോർ നവാസ് രക്ഷപ്പെടുത്തുകയും ചെയ്തു.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലില്ലെ പ്രതിരോധം വരുത്തിയ മറ്റൊരു പിഴവ് മുതലെടുത്ത് എമ്പപ്പെ മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളും നേടി പി.എസ്.ജിയുടെ ജയം ഉറപ്പിക്കുകയായിരുന്നു.