വോൾവ്സ് മാജിക്ക്!! അവസാന പത്തു മിനുട്ടിൽ മൂന്ന് ഗോൾ അടിച്ച് ഒരു കം ബാക്ക്!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഏറ്റവും ആവേശകരമായ മത്സരം നടന്നത് വില്ല പാർക്കിൽ ആയിരുന്നു. വോൾവ്സും ആസ്റ്റൺ വില്ലയും തമ്മിലുള്ള മത്സരം 80ആം മിനുട്ട് വരെ 2-0 എന്ന നിലയിൽ ആസ്റ്റൺ വില്ലക്ക് അനുകൂലമായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-2ന്റെ വിജയം നേടാൻ ഇന്ന് വോൾവ്സിനായി. ഇഞ്ച്വറി ടൈമിൽ ആയിരുന്നു വോൾവ്സിന്റെ വിജയ ഗോൾ വന്നത്. 48ആം മിനുട്ടിൽ ഇംഗ്സും 69ആം മിനുട്ടിൽ മഗിന്നും നേടിയ ഗോളുകൾ ആയിരുന്നു ലീഡ്സിനെ 2-0 എന്ന ലീഡിൽ എത്തിച്ചത്.

80ആം മിനുട്ടിൽ സൈസിന്റെ ഗോൾ വോൾവ്സിന്റെ തിരിച്ചുവരവ് ആരംഭിച്ചു. 86ആം മിനുട്ടിൽ കോഡി വോൾവ്സിന്റെ സ്കോർ 2-2 എന്നാക്കി. 93ആം മിനുട്ടിൽ വോൾവ്സിന് ഒരു ഫ്രീകിക്കും ലഭിച്ചു. ആ ഫ്രീകിക്ക് എടുത്ത റുബൻ നെവസ് ഗോൾ തന്നെ ലക്ഷ്യം വെച്ചു. നെവസിന്റെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെയാണ് വലയിൽ പതിച്ചത്. ഈ ഗോൾ വോൾവ്സിന് 3-2ന്റെ വിജയം നൽകി. വോൾവ്സിന്റെ തുടർച്ചയായ മൂന്നാം എവേ വിജയമാണിത്. ജയത്തോടെ വോൾവ്സ് 10 പോയിന്റുമായി 12ആം സ്ഥാനത്ത് എത്തി.