പ്രീമിയർ ലീഗിലേക്കുള്ള വരവ് വിജയത്തോടെ ആഘോഷിച്ച് ലോപറ്റ്യുഗി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എവർടനെ വീഴ്ത്തി വോൾവ്സ് ലോകകപ്പ് ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ മൂന്ന് പോയിന്റ് കരസ്ഥമാക്കി. പൊഡൻസ്, ഐറ്റ് നോരി എന്നിവർ വോൾവ്സിനായി വല കുലുക്കിയപ്പോൾ യാരി മിനയാണ് എവർടന്റെ ഗോൾ കണ്ടെത്തിയത്. എവർടൻ പതിനേഴാം സ്ഥാനത്തും വോൾവ്സ് പതിനെട്ടാം സ്ഥാനത്തും തുടരുകയാണ്.
ആദ്യ പകുതിയിൽ എവർടനായിരുന്നു മുൻതൂക്കം. എങ്കിലും മത്സരത്തിൽ ഉടനീളം നഷ്ടപ്പെടുത്തിയ മികച്ച അവസരങ്ങൾ അവർക്ക് തിരിച്ചടി ആയി. ലോപറ്റ്യുഗിക്ക് കീഴിൽ മുഴുവനായി താളം കണ്ടെത്താൻ വോൾവ്സ് ബുദ്ധിമുട്ടി. ഏഴാം മിനിറ്റിൽ തന്നെ സ്വന്തം തട്ടകത്തിൽ ലീഡ് എടുക്കാൻ എവർടനായി. കോർണറിൽ നിന്നെത്തിയ ബോളിൽ തല വെച്ച് യാരി മിന ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. എന്നാൽ ഇരുപത്തിരണ്ടാം മിനിറ്റിൽ വോൾവ്സ് തിരിച്ചടിച്ചു. കോർണർ വഴി എത്തിയ ബോൾ ബോക്സിന് പുറത്തു വച്ച് മൗടിഞ്ഞോ നിയന്ത്രിച്ച ശേഷം പോസ്റ്റിന് അടുത്തേക്കായി ഓടിയ പോഡൻസിന് ഉയർത്തിയിട്ടു. താരം വല കുലുക്കി ടീമിന് സമനില സമ്മാനിച്ചു. പിന്നീട് ഗോർഡോന് കിട്ടിയ മികച്ചൊരു അവസരം വോൾവ്സ് കീപ്പർ ജോസ് സാ രക്ഷിച്ചെടുത്തു. മൗപ്പെക്കും ലഭിച്ച അവസരങ്ങൾ ലക്ഷ്യം കാണാതെ പോയതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിക്കും എവർടൻ മികച്ച രീതിയിൽ തുടക്കമിട്ടു. ഇവോബിക്ക് ലഭിച്ച അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദാമ ട്രവോറെ കളത്തിൽ എത്തിയതോടെ വോൾവ്സ് കൂടുതൽ മുന്നേറ്റങ്ങൾ മേനഞ്ഞെടുത്തു തുടങ്ങി. അവസാന മിനിറ്റുകളിൽ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമണം കനപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ എവർടന്റെ നെഞ്ചു പിളർത്തിയ ഗോൾ എത്തി. കൗണ്ടർ അറ്റാക്കിലൂടെ എത്തിയ ബോൾ വലത് വിങ്ങിലൂടെ ഓടിക്കയറിയ ട്രാവോറെ ബോക്സിനുള്ളിൽ ഐറ്റ് നോരിക്ക് നൽകിയപ്പോൾ താരത്തിന് അനായാസം വലയിലേക്ക് എത്തിക്കാൻ ആയി. മത്സരം വരുതിയിൽ ആക്കാനുള്ള സമ്മർദ്ദത്തിനിടയിൽ പ്രതിരോധം മറന്ന എവർടന് നിരാശ സമ്മാനിക്കുന്നതാണ് ഈ ഫലം.