ഗോൾ കീപ്പർ ജോസെ സാ നിർണായക സേവുകളുമായി കളം നിറഞ്ഞ മത്സരത്തിൽ എവർടണെ വീഴ്ത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി വോൾവ്സ്. പകരക്കാരനായി എത്തിയ കലായ്സിച്ച് മത്സരത്തിലെ ഏക ഗോൾ കുറിച്ചു. പുതിയ കോച്ച് ഗാരി ഓനീലിനും വോൾവ്സിനോടൊപ്പം തന്റെ ആദ്യ ജയം കുറിക്കാൻ ആയി. സ്വന്തം തട്ടകത്തിൽ ജയം കൈവിട്ട എവർടണിന്റെ ഏഴോളം ശ്രമങ്ങൾ പോസ്റ്റ് ലക്ഷ്യമാക്കി തന്നെ എത്തിയെങ്കിലും പോർച്ചുഗീസ് കീപ്പർ സായുടെ മികച്ച പ്രകടനം വോൾവ്സിന് തുണയാവുകയായിരുന്നു.
എവർടണായിരുന്നു ആദ്യ പകുതിയിൽ ചെറിയ മുൻതൂക്കം. ഡാഞ്ചുമയുടെ മികച്ചൊരു ഷോട്ട് വോൾവ്സ് കീപ്പർ തടുത്തത് പോസ്റ്റിലും തട്ടി തെറിച്ചു. എന്നാൽ പിന്നീട് റഫറി ഈ നീക്കത്തിന് ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. മത്സരം അരമണിക്കൂർ ആകവേ വീണ്ടും എവർടണിന് അവസരം ലഭിച്ചു. ആദ്യം ഗാർണറുടെ ഷോട്ട് ഗതിമാറിയെത്തിയത് തടുത്തിട്ട ജോസെ സാ, പിറകെ ബ്രാത്വൈറ്റിന്റെ ശ്രമവും തടഞ്ഞു. എന്നാൽ ശേഷം പന്ത് ലഭിച്ച തർകോവ്സ്കിക്കും അമ്പേ പിഴച്ചപ്പോൾ ഗോൾ നേടാനുള്ള സുവർണവസരം എവർടൺ കളഞ്ഞു കുളിച്ചു.
രണ്ടാം പകുതിയിലും എവർടൺ ആക്രമണം തുടർന്നു. കീപ്പറുടെ കരങ്ങൾ വോൾവ്സിനെ മത്സരത്തിൽ നിലനിർത്തി. യങ്ങിന്റെ ക്രോസ് തടുത്ത ജോസെ സാ, ഗാർനറുടെ ഷോട്ടും തട്ടിയകറ്റി. ബ്വെനൊയുടെ ക്രോസിൽ സിൽവ വോൾവ്സിനായി വല കുലുക്കി എങ്കിലും നീക്കം ഓഫ്സൈഡ് വിധിക്കപ്പെട്ടു. ഡോകൊറെയുടെ ഗോൾ എന്ന് ഉറപ്പിച്ച ശ്രമവും സാ അദ്ഭുതകരമായി രക്ഷപ്പെടുത്തി. പിന്നീട് എവർടണ് വല കുലുക്കാൻ സാധിച്ചെങ്കിലും ഡോകൊറെ ഓഫ്സൈഡ് കെണിയിൽ പെട്ടതോടെ സ്‌കോർ മാറ്റമില്ലാതെ തുടർന്നു. ഒടുവിൽ മുഴുവൻ സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കേ നെറ്റോയുടെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് കൊണ്ട് കലായ്സിച്ച് വോൾവ്സിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി സമയത്തും എവർടണ് ഗോൾ കണ്ടെത്താൻ സാധിക്കാതെ പോയതോടെ വോൾവ്സ് നിർണായക ജയം സ്വന്തമാക്കി.