ആദ്യ 4 മിനുട്ടിൽ 2 ഗോളിന് പിറകിൽ, പിന്നെ തിരിച്ചടിച്ച് വിജയം!! ക്ലാസിക് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 08 26 21 13 48 119
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനും ആരാധകർക്കും നഷ്ടമായ ഊർജ്ജം തിരികെ കിട്ടിയ രാത്രിയായി ഇന്ന്. ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു ക്ലാസിക് കം ബാക്ക് കണ്ട മത്സരത്തിൽ യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ 3-2ന് തോൽപ്പിച്ച് 3 പോയിന്റ് സ്വന്തമാക്കി. ആദ്യ നാലു മിനുട്ടിൽ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് യുണൈറ്റഡ് ഈ വിജയം സ്വന്തമാക്കിയത്.

Picsart 23 08 26 20 50 27 247

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഒരു ദുരന്ത സമാനനായ തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. ആദ്യ നാലു മിനുട്ടിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റ് 2 ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ഫോറസ്റ്റ് ലീഡ് എടുത്തു. യുണൈറ്റഡിന്റെ ഒരു കോർണറിൽ നിന്ന് കൗണ്ടർ അറ്റാക്ക് നടത്തി മൈതാന മധ്യം മുതൽ ഒറ്റയ്ക്ക് കുതിച്ച ഫോറസ്റ്റ് സ്ട്രൈക്കർ അവോനിയി അവർക്ക് ലീഡ് നൽകി.

ആ ഷോക്കിൽ നിന്ന് യുണൈറ്റഡ് കരകയറും മുമ്പ് രണ്ടാം ഗോളും ഫോറസ്റ്റ് നേടി. ഒരു കോർണറിൽ നിന്ന് ഫ്രീ ഹെഡറിലൂടെ വിലി ബോളിയാണ് അവരുടെ രണ്ടാം ഗോൾ നേടിയത്. അഞ്ചു മിനുട്ടിനകം സന്ദർശകർ 2-0നു മുന്നിൽ. പൊതുവെ ഗോളടിക്കാൻ പ്രയാസപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ വലിയ മലയായി ഈ 2-0 മാറി.

Picsart 23 08 26 20 50 07 554

ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണ്ണമായും അറ്റാക്കിലേക്ക് മാറി. 17ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ ഒരു പാസിൽ നിന്ന് എറിക്സണിലൂടെ യുണൈറ്റഡ് ഒരു ഗോൾ മടക്കി. അവർ സമനില ഗോളിനായുള്ള ശ്രമം തുടർന്നു എങ്കിലും ഫലം ഉണ്ടായില്ല. കസെമിറോക്ക് ഒരു നല്ല അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഹെഡർ ടാർഗറ്റിലേക്ക് എത്തിയില്ല. ആദ്യ പകുതി 1-2ന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ആം മിനുട്ടിൽ മനോഹരമായ ഒരു ഫ്രീകിക്കിന് ഒടുവിൽ കസെമിറോ യുണൈറ്റഡിന് സമനില നൽകി. ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് ഗോൾ വരയ്ക്ക് തൊട്ടു മുന്നിൽ നിന്നായിരുന്നു കസെമിറോയുടെ ഫിനിഷ്. സ്കോർ 2-2.

Picsart 23 08 26 20 49 46 278

പിന്നെയും യുണൈറ്റഡ് ആക്രമണം തുടർന്നു‌. 54ആം മിനുട്ടിൽ ആന്റണിയുടെ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് ടർണർ തടഞ്ഞത് സ്കോർ സമനിലയിൽ നിർത്തി. ബ്രൂണോയും വിജയ ഗോളിന് അടുത്ത് എത്തുന്നത് കാണാൻ ആയി‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കാനായി മാർഷ്യലിനെ പിൻവലിച്ചു സാഞ്ചോയെ അവർ കളത്തിൽ ഇറക്കി.

68ആം മിനുട്ടിൽ ഫോറസ്റ്റിന്റെ വോറൽ ബ്രൂണോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതിനു ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയി. പിന്നെ യുണൈറ്റഡ് അറ്റാക്ക് മാത്രം ആയി. 75ആം മിനുട്ടിൽ റാഷ്ഫോർഡിനെ ഡനിലോ വീഴ്ത്തിയതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. 0-2ൽ നിന്ന് യുണൈറ്റഡ് 3-2ലേക്ക് എത്തിയ നിമിഷം.

മൂന്നാം ഗോൾ നേടിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളി നിയന്ത്രിക്കാൻ പാടുപെട്ടു എങ്കിലും അവസാനം അവർ വിജയൻ ഉറപ്പിച്ചു‌. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് ആയി. ഫോറസ്റ്റിന് ഇത് സീസണിലെ രണ്ടാം പരാജയമാണ്.