മാർക്കോസ് സിൽവക്ക് കീഴിൽ പ്രതിഭ വീണ്ടെടുത്ത് ബ്രസീലിയൻ റിച്ചാർലിസൻ പ്രീമിയർ ലീഗിൽ എവർട്ടനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി. പക്ഷെ റൂബൻ നെവസിന്റെ മികവിൽ മറുപടി നൽകിയ വോൾവ്സ് എവർട്ടനെ 2-2 ന് സമനിലയിൽ തളച്ചു.
ഒരു മണിക്കൂറിലധികം സമയം വെറും 10 പേരുമായി കളിച്ചാണ് എവർട്ടൻ സമനില നേടിയത്. 40 ആം മിനുട്ടിൽ എവർട്ടൻ ഡിഫൻഡർ ജാഗിയേൽക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.
എവർട്ടനാണ് മത്സരത്തിൽ സ്കോറിങ് തുറന്നത്. 14 ആം മിനുട്ടിൽ റിച്ചാർലിസൻ ഗോൾ നേടി. പക്ഷെ 40 ആം മിനുട്ടിൽ ജാഗിയേൽക്ക ചുവപ്പ് കാർഡ് കണ്ടതോടെ വോൾവ്സിന് മത്സരത്തിലേക്ക് തിരിച്ചു വരാൻ അവസരമൊരുക്കി. 44 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത കിടിലൻ ഫ്രീകിക്കിലൂടെ വോൾവ്സ് സൂപ്പർ താരം നെവെസ് അവരെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ ഒരാൾ അധികമുള്ളതിന്റെ ആനുകൂല്യം മുതലാക്കാൻ വോൾവ്സ് ശ്രമിച്ചില്ല. ഇതോടെ എവർട്ടന് കാര്യങ്ങൾ എളുപ്പമായി. 67 ആം മിനുട്ടിൽ സ്ട്രൈക്കർ സെങ്ക് ടോസൂണിന്റെ അസിസ്റ്റിൽ റിച്ചാർലിസൻ ഗോൾ നേടി എവർട്ടനെ വീണ്ടും മുന്നിലെത്തിച്ചു. പക്ഷെ വീണ്ടും റൂബൻ നെവെസ് രക്ഷക്കെത്തി. ഇത്തവണ അസിസ്റ്റാണ് താരം ഒരുക്കിയത്. അങ്ങനെ 80 ആം മിനുട്ടിൽ റൗൾ ഹിമനസിന്റെ ഗോളിൽ വോൾവ്സ് സമനില നേടി. പിന്നീടുള്ള സമയം ഇരു ടീമുകളും ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ പിറന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial