വില്യൻ ലണ്ടനിൽ തന്നെ തുടരും, ഇനി ആഴ്സണലിന്റെ ചുവന്ന കുപ്പായത്തിൽ

Roshan

ബ്രസീലിയൻ ഫുട്ബാളർ വില്യൻ ഇനി ആഴ്സണലിൽ കളിക്കും. കരാർ അവസാനിച്ചതിനെ തുടർന്ന് ചെൽസി വിട്ട വില്യൻ ആഴ്സണലിൽ ഫ്രീ ട്രാൻസ്ഫറിൽ ചേരുകയായിരുന്നു. ആഴ്‌സനലിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് വില്യൻ ടീമിൽ ചേർന്ന കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു വില്യൻ ചെൽസി വിടുന്ന കാര്യം പുറത്തുവിട്ടത്.

2013ൽ ചെൽസിയിൽ ചേർന്ന വില്യൻ 7 വർഷക്കാലയളവിൽ 339 മത്സരങ്ങളിൽ നീല ജേഴ്‌സി അണിഞ്ഞിരുന്നു. ഇതിനിടയിൽ 69 ഗോളുകളും 57 അസിസ്റ്റുകളും വില്യൻ നേടിയിരുന്നു. ഈ സീസണിൽ ലാംപാർടിന്റെ കീഴിൽ 47 മത്സരങ്ങളിൽ കളിച്ച വില്യൻ 11 ഗോളുകളും സ്വന്തമാക്കിയിരുന്നു. ചെൽസിക്ക് വേണ്ടി 2 പ്രീമിയർ ലീഗ് കിരീടങ്ങൾ, യൂറോപ്പ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും വില്യൻ സ്വന്തമാക്കിയിരുന്നു.

വില്യൻ ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ആഴ്‌സണൽ മാനേജർ ആർതേറ്റയും പറഞ്ഞു. ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ള താരമാണ് വില്യൻ എന്നാണ് ആർതേറ്റ പറഞ്ഞത്.