മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ വെസ്റ്റ്ബ്രോം പരിശീലകനെ പുറത്താക്കി

കഴിഞ്ഞ ദിവസം ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ പരിശീലകനായ സ്ലാവാൻ ബിലിച്ചിനെ പുറത്താക്കി വെസ്റ്റ്ബ്രോം. പ്രീമിയർ ലീഗിൽ ഈ സീസണിൽ പരിശീലക സ്ഥാനം തെറിക്കുന്ന ആദ്യ പരിശീലകനാണ് ബിലിച്ച്. 18 മാസം വെസ്റ്റ്ബ്രോമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ബിലിച്ചിനെ ക്ലബ് പുറത്താക്കുന്നത്. ഈ സീസണിന്റെ അവസാനം വരെയായിരുന്നു വെസ്റ്റ്ബ്രോമിൽ ബിലിച്ചിന് കരാർ ഉണ്ടായിരുന്നത്.

പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 1 ജയം മാത്രമാണ് വെസ്റ്റ്ബ്രോമിന് നേടാനായത്. തുടർന്നാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 19ആം സ്ഥാനത്താണ് വെസ്റ്റ്ബ്രോം. ഈ സീസൺ അവസാനം വരെ പരിശീലകനായി സാം അലാർഡൈസിനെ നിയമിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.